
അഭിനേത്രിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ബിസിനസ് രംഗത്ത് സജീവമാവുകയാണ്. തലമുറകളായി കൈമാറിവന്ന സുഗന്ധക്കൂട്ട് പെര്‍ഫ്യൂമിന്റെയും തൈലത്തിന്റെയും രൂപത്തിലാക്കിയാണ് ' ഊര്‍മിള ഉണ്ണീസ് വശ്യഗന്ധി ' എന്ന പേരില്‍ സംരഭക രംഗത്തേക്ക് അവര്‍ ചുവടുവച്ചത്. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധി പേരാണ് ഈ ബ്രാന്‍ഡിന് ഇന്ന് ആരാധകരായിട്ടുള്ളത്. അതിലൊരാളാണ് സുരേഷ് ഗോപി. ഇക്കഴിഞ്ഞ മാര്‍ച്ച് 21 പെര്‍ഫ്യൂം ദിനത്തില്‍ തന്റെ വശ്യഗന്ധി തൈലം സുരേഷ്‌ഗോപിക്ക് ഊര്‍മിള ഉണ്ണി സമ്മാനിച്ചിരുന്നു. സുരേഷ് ഗോപിക്ക് ആ സമ്മാനം കൈമാറിയതിന് പിന്നില്‍ രസകരമായൊരു കഥയുണ്ടെന്ന് പറയുകയാണ് ഊര്‍മിള ഉണ്ണി.
' തലമുറകളായി കൈമാറിവന്ന കൂട്ടാണ് വശ്യഗന്ധിയുടേത്. കോവിലകങ്ങളില്‍ മുത്തശ്ശിമാര്‍ പകര്‍ന്നുതന്ന കൂട്ട്. തിരുവല്ല ലക്ഷ്മിപുരംകൊട്ടാരത്തിലെ കൊച്ചപ്പന്‍ തമ്പുരാനാണ് എന്റെ മുത്തശ്ശന്‍. മുത്തശ്ശന്‍ അമ്മൂമ്മയ്ക്ക് സമ്മാനിച്ചതാണ് ഈ സുഗന്ധക്കൂട്ട്. എന്റെ അമ്മയാണ് എനിക്കിത് നല്‍കിയത്. ആ കൂട്ടാണ് വശ്യഗന്ധി പെര്‍ഫ്യൂം ആയി ഇപ്പോള്‍ മാറിയിട്ടുളളത്. വശ്യഗന്ധിയുടെ തൈലം പുറത്തിറങ്ങിയത് അടുത്തകാലത്താണ്.സുരേഷ്‌ഗോപിക്കാണ് ആദ്യമായി അത് സമ്മാനിക്കുന്നത്.
ഞാനും സുരേഷ്‌ഗോപിയും കൂടി ' സായ്‌വര്‍ തിരുമേനി' എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. ഞാന്‍ മരണശയ്യയില്‍ കിടക്കുന്ന രംഗമാണ്. സുരേഷ്‌ഗോപി എന്റെ അടുത്ത് വന്ന് ഡയലോഗ് പറഞ്ഞ ശേഷം ചോദിച്ചു ഏത് പെര്‍ഫ്യൂം ആണ് ഉപയോഗിക്കുന്നത്. ഞാന്‍ പറഞ്ഞു എന്റെ കുടുംബത്തിലുള്ള ഒരു കൂട്ടാണ്. സുരേഷ് ഗോപി ചോദിച്ചു അത് എനിക്കൊന്ന് തരുമോ? ഞാന്‍ പറഞ്ഞു തരില്ല, ഇതൊരു രഹസ്യ കൂട്ടാണ്.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ അസിസ്റ്റന്റ് തോമാച്ചന്‍ എന്റെ അസിസ്റ്റന്റായ യാമിനിയോട് സുരേഷ് പറഞ്ഞു ആ പെര്‍ഫ്യൂം ഒന്ന് തരാനെന്നുപറഞ്ഞ് ചോദിച്ചുവാങ്ങി. യാമിനി അതെടുത്ത് കൊടുത്തു. സംഗതി സുരേഷ്‌ഗോപിയുടെ കയ്യില്‍ എത്തിയതും എന്നെ അത് കാണിച്ചിട്ട് കണ്ടോ ഇത് ഞാനിങ്ങെടുത്തു എന്ന് പറഞ്ഞു.
അതുകൊണ്ട് വശ്യഗന്ധിയുടെ തൈലം പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ സുരേഷ്‌ഗോപിക്ക് ആദ്യം സമ്മാനമായി കൊടുക്കാമെന്ന് കരുതി. അങ്ങനെ ഇക്കഴിഞ്ഞ ലോക പെര്‍ഫ്യും ദിനത്തില്‍ സുരേഷ് ഗോപിയെ കാണാന്‍ പാലായിലുള്ള ഷൂട്ടിംഗ് സെറ്റില്‍ പോയി അവിടെ വച്ച് പെര്‍ഫ്യൂം സമ്മാനിച്ചു. വളരെ ക്ഷീണിതനായിരുന്നെങ്കിലും ഫോട്ടോ എടുക്കാനൊക്കെ നില്‍ക്കുകയും എന്നെ ധാരാളം പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്തു.
അതുപോലെ തന്നെയാണ് മോഹന്‍ലാലും. പല ലൊക്കേഷനുകളില്‍ വച്ച് കാണുമ്പോഴും പലപ്പോഴും ചോദിക്കുമായിരുന്നു പെര്‍ഫ്യൂമിനെക്കുറിച്ച്. ഇപ്പോഴൊക്കെ എപ്പോള്‍ കണ്ടാലും അതിന്റെ കൂട്ട് പറഞ്ഞുതരാമോ എന്നാണ് ചോദിക്കുക. സിനിമാരംഗത്തുള്ള സുഹൃത്തുക്കള്‍ തന്നെയാണ് തന്നെ പെര്‍ഫ്യൂം ബിസിനസില്‍ ഏറെ സഹായിക്കുന്നത്. പലരും പെര്‍ഫ്യൂ വാങ്ങിയ ശേഷം സോഷ്യല്‍മീഡിയയില്‍ വീഡിയോകള്‍ ഇടാറുണ്ട് ഇതിനെക്കുറിച്ച്. ചിലരൊക്കെ പുറത്തുനിന്ന് വീഡിയോഗ്രാഫറെ കൊണ്ടുവന്ന് വീഡിയോ എടുത്താണ് എനിക്ക് തരുന്നത്. എന്റെ ഉണ്ണിയേട്ടനും മകള്‍ ഉത്തരയും അവളുടെ ഭര്‍ത്താവ് നിതീഷും കൂടെയുളളതും വലിയ സപ്പോര്‍ട്ടാണ്.
Content Highlights :Actress Urmila Unni talks about gifting her perfume to Suresh Gopi and Mohanlal