അംബാനിയും സരി​ഗമയുമല്ല, ധര്‍മ പ്രൊഡക്ഷൻസിന്റെ 50% ഓഹരി സ്വന്തമാക്കി പൂനാവാല

നേരത്തെ റിലയൻസ് ഗ്രൂപ്പ്, സരി​ഗമ ഇന്ത്യ ലിമിറ്റഡ് ഉൾപ്പടെയുള്ള കമ്പനികൾ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാൻ ശ്രമിച്ചിരുന്നു.

dot image

കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെയും ധര്‍മാറ്റിക് എന്റര്‍ടെയ്ന്‍മെന്റിന്റെയും 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദർ പൂനാവാലയുടെ ഉടമസ്ഥതയിലുള്ള സെറീന്‍ പ്രൊഡക്ഷന്‍സ്. 1000 കോടി രൂപയ്ക്കാണ് കമ്പനിയുടെ ഓഹരികൾ ആദർ പൂനാവാല സ്വന്തമാക്കിയത്. എന്നാൽ കരണ്‍ ജോഹര്‍ തന്നെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും.

റിലയൻസ് ഗ്രൂപ്പ്, സരി​ഗമ ഇന്ത്യ ലിമിറ്റഡ് ഉൾപ്പടെയുള്ള കമ്പനികൾ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാൻ ശ്രമിച്ചിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് ആദർ പൂനവല്ല ധര്‍മ പ്രൊഡക്ഷന്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. ധര്‍മയിലെ ഓഹരികള്‍ കരൺ വിൽക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഓഹരികൾ സെറീന്‍ ഗ്രൂപ്പ് സ്വന്തമാക്കിയതായുള്ള വാർത്തകൾ വരുന്നത്.

'എൻ്റെ സുഹൃത്ത് കരൺ ജോഹറിനൊപ്പം നമ്മുടെ രാജ്യത്തെ പ്രശസ്തമായ പ്രൊഡക്ഷൻ ഹൗസുമായി പങ്കാളിയാകാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കും,' ആദർ പൂനാവാല ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ.

1976-ൽ യാഷ് ജോഹർ സ്ഥാപിച്ചതും ഇപ്പോൾ കരൺ ജോഹർ നയിക്കുന്നതുമായ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനികളിലൊന്നാണ് ധര്‍മ പ്രൊഡക്ഷൻസ്. കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം എന്നിവയുൾപ്പെടെയുള്ള ഹിറ്റ് സിനിമകൾ ഈ കമ്പനിയാണ് നിർമ്മിച്ചത്. കിൽ, ബാഡ് ന്യൂസ്, റോക്കി ഔർ റാണി കി പ്രേം കഹാനി, ബ്രഹ്മാസ്ത്ര: ഒന്നാം ഭാഗം എന്നിവയായിരുന്നു അവരുടെ അവസാന റിലീസുകൾ.

Content Highlights: Adar Poonawalla Acquires 50% Stake in Karan Johar’s Dharma Productions

dot image
To advertise here,contact us
dot image