

പത്തനംതിട്ട: മന്ത്രി സജി ചെറിയാന്റെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അസ്വഭാവികമായതൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്. ചൊവ്വാഴ്ച്ച രാത്രി കല്ലിശ്ശേരി ഗസ്റ്റ് ഹൗസ് വളപ്പിലാണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ഇതിനിടെ പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ഗസ്റ്റ് ഹൗസ് ഭാഗത്ത് വൈദ്യുതി പോയതില്‍ അസ്വാഭാവികതയുണ്ടെന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.
ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ദുരൂഹത സംശയിക്കുന്നതായി മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. 'ടയര്‍ ഊരി പോയിട്ടും അതിന്റെ ബോള്‍ട്ടുകളെല്ലാം അതില്‍ തന്നെ ഉണ്ടായിരുന്നു. ക്രിസ്റ്റ ഇന്നോവ ഇത്രയും വിലയുള്ള വാഹനമാണല്ലോ. സാധാരണഗതിയില്‍ അതിന്റെ ടയര്‍ അഴിഞ്ഞു പോയി എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പൊലീസിനോട് അന്വേഷിക്കാന്‍ പറഞ്ഞത്. മൂന്ന് ദിവങ്ങള്‍ക്ക് മുന്‍പ് സര്‍വീസ് ചെയ്ത വാഹനമാണ്. അതിന് ശേഷം 500 കിലോമീറ്റര്‍ മാത്രമാണ് ഓടിയത്. അതിനാല്‍ ടയര്‍ ഊരി തെറിക്കാനുള്ള സാഹചര്യം നിലവിലില്ല. വലിയ അപകടത്തില്‍ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.' സജി ചെറിയാന്‍ പറഞ്ഞിരുന്നു.
'ചെങ്ങന്നൂരിലെ ഗസ്റ്റ് ഹൗസില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാല്‍ മുതല്‍ മൂന്നേകാല്‍ വരെ വൈദ്യുതി പോയിരുന്നു. ആ സമയത്ത് എന്തെങ്കിലും ഉണ്ടായോ എന്ന സംശയമുണ്ട്.' സജി ചെറിയാന്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് ഇക്കാര്യങ്ങള്‍ അന്വേഷിച്ചത്.
Content Highlights: Saji Cherian's vehicle accident incident Police say there is nothing unusual in the CCTV footage