48 മണിക്കൂറിനുള്ളിൽ വിമാന ടിക്കറ്റ് കാൻസൽ ചെയ്താൽ! ആശ്വാസകരമായ മാറ്റങ്ങൾ ഉടൻ?

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ പുത്തൻ നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ്.

48 മണിക്കൂറിനുള്ളിൽ വിമാന ടിക്കറ്റ് കാൻസൽ ചെയ്താൽ! ആശ്വാസകരമായ മാറ്റങ്ങൾ ഉടൻ?
dot image

ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്ററായ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ പുത്തൻ നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ്. റീഫണ്ട് പ്രക്രിയ കൂടുതൽ യാത്രാ സൗഹൃദവും സുതാര്യവും മികച്ചതുമാക്കാനാണ് പുത്തൻ മാറ്റങ്ങൾക്കുള്ള പ്രൊപോസൽ സമർപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമായി കഴിഞ്ഞാൽ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് റീഫണ്ട് പ്രക്രിയ കൂടുതൽ ലളിതമാകും.

നിരന്തരമായി ഫ്‌ളൈറ്റുകൾ വൈകുക, അമിതമായ യാത്രാനിരക്ക് ഈടാക്കുക, സുതാര്യമല്ലാത്ത കാൻസലേഷൻ നയങ്ങൾ എന്നിവ മൂലം ബുദ്ധിമുട്ടിയ യാത്രക്കാർക്ക് എയർലൈൻ യാത്രകളോടുള്ള വിശ്വാസ്യത വീണ്ടും ഊട്ടിയുറപ്പിക്കാനുള്ള നടപടി അധികൃതർ ഉടൻ കൈകൊള്ളാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം നല്‍കുക എന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

ഈ സമയത്തിനുള്ളിൽ ടിക്കറ്റുകളിൽ മാറ്റം വരുത്താനോ റദ്ദാക്കാനോ അധിക ചാർജ് ഈടാക്കില്ല. എന്നാൽ ഉയർന്ന ടിക്കറ്റ് നിരക്കുള്ള വ്യത്യസ്തമായ ഇടത്തേക്കാണ് യാത്ര മാറ്റുന്നതെങ്കിൽ അതിനുള്ള അധിക തുക അടയ്‌ക്കേണ്ടി വരും. വിമാനയാത്രയ്ക്ക് അഞ്ച് ദിവസത്തിൽ താഴെ മാത്രം സമയമുള്ളപ്പോൾ നടത്തുന്ന ഡൊമസ്റ്റിക്ക് ബുക്കിങ്, 15 ദിവസത്തിൽ താഴെ മാത്രം നടത്തുന്ന അന്താരാഷ്ട്ര ബുക്കിങ് എന്നിവയ്ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല. 48 മണിക്കൂറിന് ശേഷമാണ് കാൻസൽ ചെയ്യുന്നെങ്കിൽ സ്റ്റാൻഡേർഡ് കാൻസലേഷൻ ചാർജുകൾ നൽകേണ്ടി വരും.

21 ദിവസത്തിനുള്ളിൽ റീഫണ്ട് പ്രക്രിയ പൂർത്തീകരിക്കണമെന്നാണ് ഡിജിസിഎ കരട് നയം നിർദേശിക്കുന്നത്. ഇതാണ് സാധാരണയായി യാത്രക്കാർ റീഫണ്ടിൽ നേരിടുന്ന കാലതാമസം ഇല്ലാതാക്കാനുള്ള നിർദേശങ്ങളിലൊന്ന്. ടിക്കറ്റ് കാൻസൽ ചെയ്യുന്നത് 48 മണിക്കൂറിനുള്ളിലും വൈകിയാലും, യാത്രക്കാരനെ മാർക്ക് ചെയ്തിരിക്കുന്നത് നോ ഷോ എന്നാണെങ്കിലും എയർപോർട്ട് ഫീ, സ്റ്റാറ്റിയൂട്ടറി ടാക്‌സ് എന്നിവ റീഫണ്ട് ചെയ്യണമെന്നാണ് പുതിയ വ്യവസ്ഥയിലെ നിർദേശങ്ങൾ.

മാത്രമല്ല പേരിലുള്ള ചെറിയ തിരുത്തലുകൾ വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്കിങ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്താൽ ചാർജുകൾ ഈടാക്കാൻ പാടില്ലെന്ന് എയർലൈനുകൾക്ക് നിർദേശം നൽകാനും തീരുമാനമുണ്ട്.

Content Highlights: No cancellation fee for Fight Tickets, new proposals are out

dot image
To advertise here,contact us
dot image