

മലപ്പുറം: വളാഞ്ചേരിയിൽ പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. ഇത് ബനാന റിപബ്ലിക്കല്ല, ജനാധിപത്യ രാജ്യമാണെന്ന് കോടതി പറഞ്ഞു. വളാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിന്റെ വിമർശനം.
'ഈ അറസ്റ്റ് നടന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ്. പൊലീസിന് സംവേദന ക്ഷമത വേണം' കോടതി പറഞ്ഞു. 10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി(32)നെയാണ് ഇക്കഴിഞ്ഞ 25ന് പൊലീസ് അറസ്റ്റ് ചെയ്ത് ഒരാഴ്ച്ച ജയിലിൽ അടച്ചത്. അബ്കാരി ആക്ട് പ്രകാരം ഒരാൾക്ക് മൂന്ന് ലിറ്റർ വരെ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെക്കാമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും മാനിക്കാതെയാണ് പൊലീസ് നടപടിയെന്നായിരുന്നു വിമർശനം.
ബാർബർ ഷോപ്പ് നടത്തി വരുന്ന ധനേഷ് ഷേവിംഗ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്നും കോടതി നിരീക്ഷിച്ചു. ധനേഷിന് ജാമ്യം അനുവദിച്ചു നൽകിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.അറസ്റ്റിന് അമിതാവേശം കാണിച്ച എസ് ഐയുടെ ഉദ്ദേശ ശുദ്ധിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. ഇയാൾക്ക് മദ്യം അമിത അളവിൽ സൂക്ഷിച്ച് വിൽക്കുന്ന ഏർപ്പാടുണ്ടായിരുന്നുവെന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്.
Content Highlights: court criticized the police for arresting a youth for possessing 10 ml of liquor