

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേയിലൂടെ റെക്കോർഡ് നേട്ടം സ്വന്തക്കാൻ ഒരുങ്ങി പ്രണവ് മോഹൻലാൽ. ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറി. ഇപ്പോഴിതാ അതേ റെക്കോർഡ് നേടാൻ ഒരുങ്ങുകയാണ് മകൻ പ്രണവ് മോഹൻലാൽ.
മോഹൻലാൽ ഈ വർഷം ഈ നേട്ടം നേടിയെങ്കിൽ പ്രണവ് നാല് വർഷത്തിന് ഇടയ്ക്കാണ് ചെയ്ത മൂന്ന് സിനിമകൾ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടാൻ പോകുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളാണ് പ്രണവിന്റേത് ആയി 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്ന ചിത്രങ്ങൾ. ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന ഡീയസ് ഈറേയ്ക്കും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഉടൻ തന്നെ ഈ ചിത്രവും 50 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അങ്ങനെ എങ്കിൽ മോഹൻലാൽ നേടിയ റെക്കോർഡ് മകൻ പ്രണവിനും സ്വന്തമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അതേസമയം, ഡീയസ് ഈറേ ആദ്യ ദിനം 5 കോടിക്കടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4 . 50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്.
പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നും ആരാധകർ പറയുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
Content Highlights: Pranav Mohanlal to hold a new record like mohanlal