പണികിട്ടിയോ?, ആദ്യ രണ്ട് സിനിമകളെ തള്ളി പറഞ്ഞെന്ന് വിമർശനം; ഒടുവിൽ വിശദീകരണവുമായി ധ്രുവ് വിക്രം

'ആ രണ്ട് സിനിമകൾ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ ഈ സിനിമ നിങ്ങൾ തീർച്ചയായും കാണണം. കാരണം ഇതാണെന്റെ ആദ്യത്തെ സിനിമ'

പണികിട്ടിയോ?, ആദ്യ രണ്ട് സിനിമകളെ തള്ളി പറഞ്ഞെന്ന് വിമർശനം; ഒടുവിൽ വിശദീകരണവുമായി ധ്രുവ് വിക്രം
dot image

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണ് ബൈസൺ കാലമാടൻ. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷണൽ ഇവന്റിൽ ധ്രുവ് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. തന്റെ ആദ്യത്തെ രണ്ട് സിനിമകൾ കണ്ടിട്ടില്ലെങ്കിലും കുഴപ്പമില്ലെന്നും ഈ സിനിമ പ്രേക്ഷകർ തീർച്ചയായി കാണണമെന്നും ആയിരുന്നു ധ്രുവ് വിക്രം പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആയിരുന്നു ധ്രുവിനെ തേടി എത്തിയത്.

തനിക്ക് ആദ്യത്തെ രണ്ട് സിനിമകൾ നൽകിയ സംവിധായകരെ ധ്രുവ് തള്ളിപ്പറഞ്ഞു എന്നായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധ്രുവ്. തന്റെ ആദ്യ സിനിമയായ ആദിത്യ വർമ്മ ഒരു റീമേക്ക് ആയിരുന്നു രണ്ടാം സിനിമയായ മഹാൻ അച്ഛനായ വിക്രമിന്റെ സിനിമയായിട്ടാണ് പ്രൊമോട്ട് ചെയ്തതെന്നും ധ്രുവ് പറഞ്ഞു. ഇതിലാണ് താൻ ബൈസൺ തന്റെ ആദ്യ സിനിമയായി കണക്കാക്കുന്നതെന്നും നടൻ വ്യക്തമാക്കി.

'എന്റെ പേര് ധ്രുവ്. ഞാൻ ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ രണ്ട് സിനിമകൾ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ ഈ സിനിമ നിങ്ങൾ തീർച്ചയായും കാണണം. കാരണം ഇതാണെന്റെ ആദ്യത്തെ സിനിമ. അങ്ങനെയാണ് ഈ സിനിമയെ ഞാൻ കാണുന്നത്. ഈ സിനിമയ്ക്കായി ഞാൻ 100 ശതമാനം നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ സംവിധായകൻ മാരി സെൽവരാജും ഈ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്', എന്നായിരുന്നു ധ്രുവ് വിക്രമിന്റെ വാക്കുകൾ.

ചിത്രത്തിന്റെ തമിഴ്നാട് തിയേറ്ററിക്കൽ റൈറ്റ്സ് 15 കോടിയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം 18 കോടി രൂപയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം വിറ്റുപോയത്. ഇതുകൂടി കൂട്ടുമ്പോൾ റിലീസിനും ഒരു മാസം മുൻപ് തന്നെ ചിത്രം ലാഭം നേടിയിരിക്കുകയാണ്. ഏഴ് കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു. ഒക്ടോബർ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlights: Dhruv vikram clarifies about his statement

dot image
To advertise here,contact us
dot image