
അതിവേഗ ട്രെയിനുകളും മറ്റുമായി അടിമുടി പരിഷ്‌കരണത്തിന്റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. ഇപ്പോഴിതാ ആധുനികവത്കരണത്തിന്റെ ഭാഗമായി കോച്ചുകള്‍ കഴുകുന്നതിനും പരിപാലിക്കുന്നതിനുമായി ഹൈ പ്രഷര്‍ ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്തിയാലോ എന്ന ചിന്തയിലാണ് റെയില്‍വേ. ഇതിന്റെ ഭാഗമായുള്ള ഡ്രോണ്‍ പരീക്ഷണ കഴുകല്‍ ഗുജറാത്തില്‍ നടന്നു. അമൃത് ഭാരത് എക്‌സ്പ്രസാണ് ഹൈ പ്രഷര്‍ ഡ്രോണുകളുടെ സേവനത്താല്‍ കുളിച്ചുകുട്ടപ്പനായത്.
ഡ്രോണുകള്‍ കോച്ചിനേക്കാള്‍ ഉയരത്തില്‍ പറന്നാണ് കോച്ചുകളെ സ്പ്രേ വാഷ് ചെയ്തത്. വെറും 30 മിനിറ്റുകൊണ്ട് പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഡ്രോണ്‍ സംവിധാനത്തിന് 25 കോച്ചുകള്‍ കഴുകാന്‍ സാധിച്ചു. സാധാരണഗതിയില്‍ 2.5 മുതല്‍ 3 മണിക്കൂര്‍ വരെയാണ് കോച്ചുകള്‍ കഴുകി വൃത്തിയാക്കുന്നതിനായി ചെലവഴിക്കുന്ന സമയം. ഇത് 30 മിനിറ്റാക്കി ചുരുക്കാനായെന്ന് മാത്രമല്ല കൂടുതല്‍ കൃത്യതയോടെ ചെയ്യാനും സാധിച്ചു. സൂറത്തിലെയും ഉധ്‌നയിലെയും റെയില്‍വേ സ്റ്റേഷനുകളിലാണ് പരീക്ഷണ കഴുകല്‍ നടന്നത്. ട്രെയിനുകള്‍ മാത്രമല്ല, ഈ വാഷിങ് ഡ്രോണുകള്‍ ഉപയോഗിച്ച് റൂഫിങ് ഷീറ്റുകള്‍, സ്റ്റേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയും വൃത്തിയാക്കാമെന്ന് അധികൃതര്‍ പറയുന്നു.
സൂറത്തില്‍ നിന്നുള്ള രണ്ട് യുവാക്കളാണ് ഡ്രോണ്‍ സാങ്കേതികതയുടെ പിന്നിലെന്ന് റെയില്‍വേ അറിയിച്ചു. ഇത്തരത്തിലുള്ള സംവിധാനത്തിന് വേണ്ടിവരുന്ന ചെലവ് 3-4 ലക്ഷം രൂപയാണ്. ഏതായാലും ക്ലീനിങ് കണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ ക്ലീന്‍ ബൗള്‍ഡ് ആയിരിക്കുകയാണ്. അനുമതി ലഭിക്കുന്നതിന് വേണ്ടി റെയില്‍വേ ബോര്‍ഡിന് അയച്ചതായാണ് വിവരം. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ വൈകാതെ ഹൈ പ്രഷര്‍ ഡ്രോണ്‍ റെയില്‍വേയുടെ ഭാഗമാകും.
ഡ്രോണുകള്‍ ട്രെയിന്‍ ക്ലീന്‍ ചെയ്യുന്ന വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണമാണ്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാത്തിടത്തോളം കാലം ഇത്തരം നവീകരണങ്ങള്‍ കൊണ്ടൊന്നും കാര്യമില്ലെന്ന് ചിലര്‍ കുറിച്ചു. മറ്റുചിലരാകട്ടെ ട്രെയിന്‍ കോച്ചുകളേക്കാള്‍ കൂടുതല്‍ ശ്രദ്ധ വേണ്ടത് റെയില്‍വേ സ്റ്റേഷനുകളിലെ ടോയ്‌ലറ്റിനാണെന്നും ചൂണ്ടിക്കാട്ടി.
Smart trains, Smarter cleaning✨
— Ministry of Railways (@RailMinIndia) October 5, 2025
Drone-powered cleaning gives Amrit Bharat Express a pristine shine.#SpecialCampaign5.0 #SCDPM5_0 pic.twitter.com/GPmXqPjVAp
വൃത്തിയാക്കലിനായി ഇന്ത്യന്‍ ട്രാക്കുകളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് ആദ്യമായല്ല. അസമിലെ കാമാഖ്യ റെയില്‍വേ സ്‌റ്റേഷനില്‍ ഇത്തരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ക്ലീനിങ് നടത്തിയതായി പറയുന്നുണ്ട്. ശുചിത്ര്വമില്ലായ്മയ്ക്ക് പേരുകേട്ട ഇന്ത്യന്‍ റെയില്‍വേ പുതിയ സംവിധാനത്തോടെ മെച്ചപ്പെടുമെന്നാണ് പലരുടെയും നിഗമനം.
Content Highlights: Gujarat's Amrit Bharat Express Gets a High-Tech Wash: Drones Clean Train Coaches in 30 Minutes