
ചെന്നൈ: കരൂര്‍ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ വീഡിയോ കോള്‍ ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ഓരോ കുടുംബങ്ങളെയും വിജയ് പ്രത്യേകം വിളിക്കുന്നുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇതുവരെ അഞ്ച് കുടുംബങ്ങളുമായി വിജയ് സംസാരിച്ചു. ഓരോ കോളും 20 മിനിറ്റ് വീതം ദൈര്‍ഘ്യമുളളതായിരുന്നു. വിജയ് അവരോട് വിവരങ്ങള്‍ അന്വേഷിച്ചു. താൻ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ചില ബുദ്ധിമുട്ടുകള്‍ കാരണം ഇപ്പോള്‍ എത്താനാകില്ലെന്നും എന്നാല്‍ ഒരുദിവസം നേരില്‍ വന്ന് കാണാമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വിജയ് ഉറപ്പ് നൽകി. വിജയ് വീഡിയോ കോള്‍ ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കരുതെന്ന് നേരത്തെ തന്നെ കുടുംബങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു.
സെപ്തംബർ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ബിജെപി നേതാവ് ഉമാ ആനന്ദനാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീൽ വെളളിയാഴ്ച്ച പരിഗണിക്കും. കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ ഹൈക്കോടതി നേരത്തെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ടിവികെയുടെയും ബിജെപിയുടെയും ആവശ്യം നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ച് ആണ് തള്ളിയത്.
Content Highlights: 'I am with you': Vijay makes video call to Karur stampede victims families each