രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ഉള്ളത് ഈ രണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ; മൂന്നാമതായി മഹാരാഷ്ട്ര

നിരവധി സംസ്ഥാനങ്ങൾ വീണ്ടും വീണ്ടും വന്ദേ ഭാരത് ട്രെയിനുകൾ ആവശ്യപ്പെടുന്ന സ്ഥിതിയാണുള്ളത്

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ഉള്ളത് ഈ രണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ; മൂന്നാമതായി മഹാരാഷ്ട്ര
dot image

ഇന്ത്യൻ റെയിൽവെയുടെയും രാജ്യത്തിന്റെയും മുഖം മാറ്റിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്സുകൾ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 150ലധികം വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. നിലവിൽ ഇതിൽ പലതിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. യാത്രക്കാർ വന്ദേ ഭാരതിനെ അത്തരത്തിൽ ഏറ്റെടുത്ത് കഴിഞ്ഞു എന്നർത്ഥം. നിരവധി സംസ്ഥാനങ്ങൾ വീണ്ടും വീണ്ടും വന്ദേ ഭാരത് ട്രെയിനുകൾ ആവശ്യപ്പെടുന്ന സ്ഥിതിയാണുള്ളത്.

ഇതിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ഉള്ള സംസ്ഥാനമായി ഉത്തർ പ്രദേശിനൊപ്പം ബിഹാറും മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയെയാണ് വന്ദേ ഭാരതുകളുടെ എണ്ണത്തിൽ ബിഹാർ മറികടന്നത്. നേരത്തെ ഉത്തർ പ്രദേശ് ഒന്നാം സ്ഥാനത്തും മഹാരാഷ്ട്രയും ബിഹാറും രണ്ടും മൂന്നും സ്ഥാനങ്ങളിലും ആയിരുന്നു. ബിഹാറിനായി പുതിയ വന്ദേ ഭാരതുകൾ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനം ഒന്നാം സ്ഥലത്തേക്കെത്തിയത്. ഇതോടെ ഉത്തർ പ്രദേശിനും ബിഹാറിനും നിലവിൽ 14 വന്ദേ ഭാരതുകളാണ് ഉള്ളത്.

രാജസ്ഥാന് പുതിയ രണ്ട് വന്ദേ ഭരതുകളും റെയിൽവേ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജോധ്പുർ, ബിക്കാനിർ എന്നീ പ്രദേശങ്ങളെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരതുകളാണ് റെയിൽവേ പ്രഖ്യാപിച്ചത്. എട്ട് മണിക്കൂറാണ് ഇരു ഭാഗത്തേയ്ക്കുമുള്ള സമയം.

അതേസമയം, കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് റെയിൽവേ മുഖം തിരിച്ചുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേ ഭാരതുകളിലും കോച്ചുകളുടെ എണ്ണം കൂട്ടിയിട്ടും ടിക്കറ്റ് പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. എന്നിട്ടും റെയിൽവേ ആവശ്യം നിരാകരിച്ചിരിക്കുകയാണ്.

ട്രാക്കിലെ തിരക്കാണ് റെയിൽവേ പറയുന്ന കാരണം.പുതിയ വന്ദേ ഭാരതിനെക്കൂടി ഉൾക്കൊള്ളാൻ കേരളത്തിലെ നിലവിലെ റെയിൽവേ സംവിധാനത്തിന് സാധിക്കില്ല എന്നതാണ് പ്രശ്നം. ഇപ്പോഴുള്ള രണ്ട് വന്ദേ ഭാരതിനായിത്തന്നെ നിരവധി ട്രെയിനുകൾ പിടിച്ചിടേണ്ടിവരികയാണ്. ഏതെങ്കിലും കാരണത്താൽ വന്ദേ ഭാരത് വൈകിയാൽ അത് കൂടുതൽ വണ്ടികളെ ബാധിക്കുന്ന അവസ്ഥയാണുള്ളത്. ഇനിയും സംസ്ഥാനത്തിന് വന്ദേ ഭാരത് അനുവദിച്ചാൽ കൂടുതൽ ട്രെയിനുകളെ പിടിച്ചിടേണ്ടിവരുമെന്നും അത് സാധാരണക്കാരെയടക്കം നിരവധി ആളുകളെ ബാധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്' റിപ്പോർട്ട് ചെയ്തിരുന്നു.

പുതിയ വന്ദേ ഭാരത് വന്നാൽ കേരളത്തിൽ ഇപ്പോൾ ഓടുന്ന ട്രെയിനുകളുടെ വേഗതയിലും കാര്യമായ മാറ്റം വരുമോ എന്ന ആശങ്കയുണ്ട്. ഒരിടയ്ക്ക് എറണാകുളം ബെംഗളൂരു വന്ദേ ഭാരത് വേണം എന്ന് ആവശ്യം ശക്തമായി ഉയർന്നിരുന്നു. എന്നാൽ പ്ലാറ്റ്‌ഫോം ലഭ്യതയും മറ്റ് പ്രായോഗിക വശങ്ങളും ചൂണ്ടിക്കാട്ടി അത് ലഭിക്കാതെ പോകുകയായിരുന്നു. പുതിയ റെയിൽപാത ഉണ്ടായാൽ മാത്രമേ പുതിയ ഹൈ സ്പീഡ് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുകയുള്ളു എന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി.

Content Highlights: two north indian states bag highest number of vande bharats

dot image
To advertise here,contact us
dot image