
പൂജാ അവധിയിലെ തിരക്ക് പരിഗണിച്ച് മംഗലാപുരത്തുനിന്നും ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീനിലേക്ക് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ. ഒക്ടോബർ 5 ഞായറാഴ്ചയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കാസർഗോഡ്, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് വഴിയാണ് സർവീസ്.
ഞായറാഴ്ച ഉച്ചയ്ക്ക് 3.15നാണ് സർവീസ് ട്രെയിൻ മംഗലാപുരത്തുനിന്നും പുറപ്പെടുക. 06007 എന്നതാണ് ട്രെയിൻ നമ്പർ. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണാപുരം, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ചെന്നൈ നഗരത്തിന് ഏറെ അടുത്തുള്ള പെരമ്പൂരിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ബുധനാഴ്ച പുലർച്ചെ 2.15നാണ് ട്രെയിൻ ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിലെത്തുക. ഒരു എസി 2 ടയർ കോച്ചും, 17 സ്ലീപ്പർ ക്‌ളാസ് കോച്ചുകളും, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിന് ഉണ്ടാകുക.
തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്കും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 4ന് തിരുവനന്തപുരം നോർത്തിൽ നിന്ന് കാലത്ത് 6.15ന് പുറപ്പെടുന്ന ട്രെയിൻ രാത്രി എട്ട് മണിയോടെയാണ് മംഗലാപുരം എത്തുക. 06066 എന്നാണ് ട്രെയിൻ നമ്പർ. രണ്ട് എസി ടൂ ടയർ കോച്ചുകൾ, രണ്ട് എസി ത്രീ ടയർ കോച്ചുകൾ എന്നിങ്ങനെയാണ് ട്രെയിനിൽ ഉണ്ടാകുക.
Content Highlights: special train from mangalore to delhi via chennai through malabar region