
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വെറും മൂന്ന് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ 210 കോടിയ്ക്ക് അടുത്ത് എത്തിയിരിക്കുകയാണ്. ഡൊമെസ്റ്റിക്ക് മാർക്കറ്റിൽ നിന്നും സിനിമ ഇതുവരെ നേടിയത് 161.67 കോടിയാണ്. ഇതോടെ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. കേരളത്തിലും വലിയ മുന്നേറ്റമാണ് കാന്താര ഉണ്ടാക്കുന്നത്.
ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് വിവരം.
Super Saturday for #KantaraChapter1 running all over the World. 3 days Worldwide gross moving towards ₹210 Cr 👏 pic.twitter.com/tHAGmqgLBV
— AB George (@AbGeorge_) October 4, 2025
ഏകദേശം 43.65 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 105.5 കോടി രൂപ കവിഞ്ഞു. വാരാന്ത്യത്തിൽ കളക്ഷനിൽ കൂടുതൽ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
Content Highlights: kantara breaks game changer and sikandar collection