
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിനായി പുതിയ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. പട്നയിൽ നിന്ന് പുർണിയയിലേക്കും ഗയയിൽ നിന്ന് ഡൽഹയിലേക്കുമാണ് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. രണ്ട് ട്രെയിനുകളും ഉടൻ സർവീസ് ആരംഭിക്കും എന്നാണ് വിവരം.
ഇതോടെ ബിഹാറിന് ആകെ 13 വന്ദേ ഭാരത് ട്രെയിനുകളായി. സംസ്ഥാന തലസ്ഥാനമായ പട്നയിൽ നിന്ന് ഹൗറ, ലക്‌നൗ, ഗോരഖ്‌പൂർ തുടങ്ങിയയിടങ്ങളിലേക്കാണ് വന്ദേ ഭാരതുകൾ നിലവിൽ സർവീസ് നടത്തുന്നത്. പട്ന ടാറ്റാനഗർ റൂട്ടിലാണ് കൂടുതൽ വന്ദേ ഭാരതുകൾ സർവീസ് നടത്തുന്നത്. ഇതിന് പുറമെ ഗയ-ഡൽഹി റൂട്ടിൽ സംസ്ഥാനത്തെ എട്ടാമത്തെ അമൃത് ഭാരത് ട്രെയിനും ഉടൻ സർവീസ് ആരംഭിക്കും.
ഈ വർഷം മാത്രം ബിഹാറിന് ലഭിക്കുന്ന മൂന്നാമത്തെ അമൃത് ഭാരത് ട്രെയിനാണിത്. നേരത്തെ ഓഗസ്റ്റിൽ സീതമർഹി ഡൽഹി റൂട്ടിൽ ഒരു അമൃത് ഭാരത് ട്രെയിൻ സർവീസ് നടത്തിയിരുന്നു. ഏപ്രിലിൽ സഹർസ - മുംബൈ റൂട്ടിലും അമൃത് ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. സഹർസ - അമൃത്സർ, ചാപ്ര - ഡൽഹി, മുസാഫർപൂർ - ഹൈദരാബാദ് എന്നീ റൂട്ടുകളിലും ഉടൻ സർവീസ് ആരംഭിക്കുമെന്നാണ് സൂചന.
അതേസമയം, ട്രയൽ റൺ കഴിഞ്ഞ ശേഷം നിരത്തിലിറക്കാത്ത വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസുകളുടെ ഉദ്‌ഘാടനം സെപ്റ്റംബറിൽ ഉണ്ടാകുമെന്നാണ് സൂചന. ബിഹാർ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് സെപ്റ്റംബറിൽ ഉദ്‌ഘാടനം എന്നാണ് സൂചന. ഇക്കാര്യങ്ങളിൽ ഉടൻ തന്നെ സ്ഥിരീകരണം വരുമെന്നാണ് കരുതപ്പെടുന്നത്.
രാത്രിയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക എന്നാണ് വിവരം. പ്രീമിയം സൗകര്യങ്ങളാണ് ട്രെയിനിൽ ഉള്ളത്. ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും. പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായ ബാത്റൂമുകളായിരിക്കും ട്രെയിനിൽ ഉണ്ടാകുക.
വന്ദേ ഭാരതിനെപ്പോലെ ഓട്ടോമാറ്റിക്ക് ട്രെയിൻ ഡോറുകൾ ട്രെയിനിൽ ഉണ്ടാകും. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, മുകളിലെ ബർത്തുകളിലേക്ക് ആയിരം സൗകര്യപ്രദമായ ചവിട്ടുപടികൾ തുടങ്ങി എല്ലാം ട്രെയിനിൽ ഉണ്ടാകും. എസി ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേർഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകൾ ഉണ്ടാകുക.