
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ സിനിമ തിയേയറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്.
സാക്നില്‍ക് പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കൂലി ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 65 കോടിയാണ്. ഔദ്യോഗിക കണക്കുകൾ നിർമാതാക്കൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. കാരണം നോര്‍ത്ത് അമേരിക്കയിലെയും യുകെയിലെയും പ്രീമിയര്‍ ഷോകളില്‍ നിന്നുള്ള കണക്കുകള്‍ നിർമാതാക്കൾ പുറത്തു വിട്ടിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ 26.6 കോടി രൂപ ആണ് ചിത്രം നേടിയിരിക്കുന്നത്. യുകെയില്‍ 1.47 കോടി.
ഈ രണ്ടിടങ്ങളിലും തമിഴ് സിനിമയിലെ റെക്കോര്‍ഡ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.150 കോടിയിൽ കൂടുതൽ സിനിമ നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. കേരളത്തിൽ ചിത്രം 10 കോടിക്കടുത്ത് ആദ്യ ദിനം സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: coolie first day collection report