
കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷൻ കഴിഞ്ഞ ദിവസം സംഘടന തള്ളിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ എങ്കിലും നിർമിക്കണം എന്ന കാരണം കാണിച്ചാണ് സംഘടന സാന്ദ്രയുടെ നോമിനേഷൻ തള്ളിയത്. ഇതിനെ സാന്ദ്ര ചോദ്യം ചെയ്യുകയും നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് സാന്ദ്ര തോമസ്. നിലപാട് വ്യക്തമാക്കിയപ്പോൾ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മമ്മൂക്ക എന്നെ വിളിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ, മമ്മൂക്ക ഇക്കയുടെ മകൾക്കാണ് ഇങ്ങനെയൊരു സിറ്റുവേഷൻ വന്നതെങ്കിൽ അവരോടും ഇത് പറയുമോ?. പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയിൽ ബാധിക്കും, എനിക്കിനി സിനിമ ചെയ്യാൻ പറ്റില്ല, നിർമ്മാതാക്കൾ തീയേറ്ററിൽ ഇനിയെന്റെ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു.
അപ്പോൾ അദ്ദേഹം 'ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്തോളൂവെന്ന് പറഞ്ഞു. അതിനകത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല എന്നും പറഞ്ഞു.
അതുപോലെ അദ്ദേഹം എന്നോട് കമ്മിറ്റ് ചെയ്തൊരു പ്രോജക്ട് ഉണ്ടായിരുന്നു. അതിൽ നിന്നും മമ്മൂക്ക പിന്മാറി. ഞാൻ ഇവിടെ തന്നെയുണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ചു മാറ്റാനാണ് നോക്കുന്നതെങ്കിൽ ഞാൻ ഇവിടെ തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് ഞാൻ തീർത്ത് പറഞ്ഞിട്ടുണ്ട്,' സാന്ദ്ര പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുപണി എടുക്കുന്ന ഒരാളാണ് തങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ് എന്നും അതുകൊണ്ട് തന്നെ അത്തരം ഒരു സ്റ്റാൻഡ് മാത്രമാണ് എടുക്കാൻ പറ്റുകയുള്ളൂവെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
Content Highlights: Sandra Thomas says Mammootty called her and asked her to withdraw from the case