
ഖത്തറിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവർക്കുള്ള ശിക്ഷ വർദ്ധിപ്പിച്ച് സൈബർ ക്രൈം നിയമത്തിൽ ഭേദഗതി. ഇനിമുതൽ പൊതു സ്ഥലങ്ങളിൽ വെച്ച് ഒരാളുടെ അനുവാദമില്ലാതെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുകയോ, അവ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ കഠിനമായ ശിക്ഷ ലഭിക്കും.
പുതുക്കിയ സൈബർ ക്രൈം നിയമപ്രകാരം, ഒരാളുടെ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളിൽ വെച്ച് ചിത്രങ്ങളോ വീഡിയോകളോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ ഒരു ലക്ഷം ഖത്തർ റിയാൽ (ഏകദേശം 24.12 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴയും ഒരു വർഷം വരെ തടവോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഭേദഗതി.
അതിനിടെ 2014ൽ ഖത്തറിലെ സൈബർ ക്രൈം നിയമത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. 2014-ലെ 14-ാം നമ്പർ സൈബർക്രൈം നിയമത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി വരുത്തിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഭേദഗതികൾ നിയമപരമായ പ്രാബല്യത്തിലായത്.
Content Highlights: Qatar tightens privacy laws, Amendment to the Cyber Crime Act