
റണ്‍വേയിലൂടെ ട്രെയിന്‍ കടന്നുപോവുകയോ? കേള്‍ക്കുമ്പോള്‍ത്തന്നെ അയ്യോ! എന്നോരു വിളിയായിരിക്കും മനസില്‍ അല്ലേ? അതെങ്ങനെ ശരിയാകും എന്ന തോന്നലും ഉണ്ടാകും. പക്ഷേ അങ്ങനെ ഒരു സ്ഥലമുണ്ട്. റണ്‍വേയിലൂടെ ട്രെയിന്‍ കടന്നുപോകുന്ന ലോകത്തിലെ ഒരേയൊരു വിമാനത്താവളമാണ് ഇത്.
ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിന്റെ കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഗിസ്‌ബോണ്‍ വിമാനത്താവളത്തിനാണ് ഈ പ്രത്യേകതയുള്ളത്. ഈ വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെയാണ് ഒരു റെയില്‍വേലൈന്‍ കടന്നു പോകുന്നത്. പാമര്‍സ്റ്റണ്‍ നോര്‍ത്ത്-ഗിസ്‌ബോണ്‍ റെയില്‍വേ ലൈനാണ് പ്രധാന റണ്‍വേയിലൂടെ നേരിട്ട് കടന്നുപോകുന്നത്.
ഇനി റണ്‍വേയിലൂടെ വിമാനവും ഫ്‌ളയിറ്റും ഒരുമിച്ച് കടന്നുപോകുമോ എന്നായിരിക്കും പലരുടെയും ആശങ്ക. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഒരേസ്ഥലം ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരേ സമയത്തല്ല ഇവയുടെ കടന്നുപോക്ക്. ഗിസ്‌ബോണിനും മുരിവായ്ക്കും ഇടയിലൂടെ കടന്നുപോകുന്ന പ്രാദേശിക ട്രെയിന്‍ വര്‍ഷത്തില്‍ 15 തവണ മാത്രമേ ഇതുവഴി കടന്നുപോവുകയുള്ളൂ. അതും വേനല്‍ക്കാലത്ത് രാജ്യത്തേക്ക് ആഡംബര കപ്പലുകള്‍ എത്തുമ്പോള്‍ മാത്രം.
ഇതിന് മുന്‍പ് ഇത്തരത്തില്‍ രണ്ട് വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നു. ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുളള വിന്‍യാര്‍ഡ് വിമാനത്താളത്തിലെ റണ്‍വേയിലും സിഡ്‌നിയിലെ മാസ്‌കോട്ട് വിമാനത്താവളത്തിലും സമാനമായ റെയില്‍വേ ലൈന്‍ ഉണ്ടായിരുന്നു. ഇവ രണ്ടും അടച്ചു പൂട്ടുകയായിരുന്നു.
Content Highlights :the only airport in the world where a train passes through the runway