
നീലാകാശത്തിലെ വെള്ള മേഘങ്ങള്‍ക്കിടയിലൂടെ പല നിറത്തിലുളള വിമാനങ്ങള്‍ പറന്ന് പോകുന്നത് സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടോ? എത്ര മനോഹരമായ കാഴ്ചയായിരിക്കും അല്ലേ. പക്ഷേ ആകാശത്തില്‍ പറന്നുയരുന്ന വിമാനങ്ങളില്‍ ഭൂരിഭാഗം വിമാനത്തിനും വെളുത്ത നിറമാണ്. അതെന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.
വെള്ളം നിറം ചൂട് കുറയ്ക്കുന്നു
വെള്ള പെയിന്റ് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത് വിമാനത്തിന് ഉള്‍വശം തണുക്കാന്‍ സഹായിക്കും. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ പ്രത്യേകിച്ച് വിമാനം പുറപ്പെടുന്നതിന് മുന്‍പ് റണ്‍വേയില്‍ അധികം സമയം നില്‍ക്കുമ്പോള്‍ അകം ചൂടുപിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ഇത് മറ്റ് തണുപ്പിക്കല്‍ സംവിധാനങ്ങളുടെ ആവശ്യകത കുറയ്ക്കുകയും വിമാനത്തിനുള്ളിലെ സെന്‍സിറ്റീവായ ഉപകരണങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. വിമാനങ്ങള്‍ക്ക് ഇരുണ്ട നിറം നല്‍കിയാല്‍ കൂടുതല്‍ താപം ആഗിരണം ചെയ്യാനും ചൂട് കൂടാനും കാരണമാകും.
വെളള പെയിന്റ് ചെലവ് കുറഞ്ഞതാണ്
വെള്ളനിറത്തിലുളള പെയിന്റിന് ചെലവ് കുറവായതുകൊണ്ടുതന്നെ എയര്‍ലൈനുകളെ അത് പണം ലാഭിക്കാന്‍ സഹായിക്കും. ഒരു വിമാനം പെയിന്റ് ചെയ്യുന്നത് വളരെ വലിയ ജോലിയാണ്. നൂറ് കണക്കിന് ലിറ്റര്‍ പെയിന്റ്, സമയം എന്നിവയെല്ലാം ഇതിന് ആവശ്യമാണ്. എന്നാല്‍ വെള്ള നിറത്തിലുള്ള പെയിന്റ് താരതമ്യേനെ ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതും മാത്രമാണെന്ന് മാത്രമല്ല പെയിന്റ് അടിക്കുമ്പോള്‍ കുറച്ച് കോട്ടുകള്‍ മാത്രം അടിച്ചാല്‍ മതി എന്നതും ഒരു പ്രത്യേകതയാണ്.
അപകടങ്ങള്‍ തടയുന്നു
ഒരു വിമാനം കേടുപാടുകളൊന്നും ഇല്ലാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണല്ലോ? സുരക്ഷാ പരിശോധനകള്‍ നിര്‍ണ്ണായകമായതുകൊണ്ടുതന്നെ എണ്ണ ചോര്‍ച്ച, പൊട്ടല്‍, മറ്റ് കേടുപാടുകള്‍ എന്നിവ എളുപ്പത്തില്‍ കണ്ടെത്താന്‍ വെളുത്ത പ്രതലം എഞ്ചിനീയര്‍മാരെ സഹായിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ അപകടം ഒഴിവാക്കാന്‍ സഹായകമാകുന്നു.
വെളുത്ത വിമാനങ്ങള്‍ പക്ഷികള്‍ക്ക് കൂടുതല്‍ ദൃശ്യമാകും
' ഡിജിറ്റല്‍ കോമണ്‍ ജേര്‍ണല്‍' ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് വെളുത്ത വിമാനങ്ങള്‍ പക്ഷികള്‍ക്ക് കൂടുതല്‍ നന്നായി കാണാന്‍ സാധിക്കും. പറന്നുയരുന്ന സമയത്തും ലാന്‍ഡിംഗിന്റെ സമയത്തും പക്ഷികള്‍ വിമാനങ്ങള്‍ക്കടുത്ത് ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഇത് അപകട സാധ്യത കുറയ്ക്കുന്നു.
എയര്‍ലൈനുകളുടെ ചെലവ് ലാഭിക്കുന്നു
വെളുത്ത നിറത്തില്‍ പെയിന്റ് ചെയ്ത വിമാനങ്ങള്‍ മറ്റ് എയര്‍ലൈനുകള്‍ക്ക് വീണ്ടും വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ എളുപ്പമാണ്. ചെലവേറിയ അറ്റകുറ്റപ്പണികള്‍ നടത്താതെ മറ്റ് ഡിസൈനില്‍ പെയിന്റ് ചെയ്യാനോ ബ്രാന്‍ഡിംഗ് നീക്കാനോ എളുപ്പമാണ്.
Content Highlights :This is the reason behind painting airplanes white