
നഗരവത്ക്കരണവും ഐടി മേഖലയിലെ കുതിപ്പും ബെംഗളുരു നഗരത്തിലെ റോഡുകളെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന്റെ പേരില്‍ നഗരം വിടുന്നവരുടെ എണ്ണവും കുറവല്ല. അക്ഷരാര്‍ഥത്തില്‍ നഗരത്തെ സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താന്‍ മികച്ച നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈസ് മൈ ട്രിപ്പിന്റെ സഹസ്ഥാപകനായ പ്രശാന്ത് പിട്ടി.
നിര്‍മിത ബുദ്ധിയും ഗൂഗിള്‍ മാപ്പ് ഡേറ്റയും ഉപയോഗിച്ച് നഗരത്തിലെ ഗതാഗതക്കുരുക്ക് വരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനായി താന്‍ ഒരു കോടി നല്‍കാമെന്നാണ് പ്രശാന്തിന്റെ വാഗ്ദാനം. ഔട്ട് റിങ് റോഡില്‍ 11 കിലോമീറ്റര്‍ താണ്ടാന്‍ 2 മണിക്കൂറിലധികം പ്രശാന്തിന് ചെലവഴിക്കേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശവുമായി പ്രശാന്ത് എക്‌സില്‍ കുറിപ്പിട്ടത്. ഒപ്പം തന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചിരുന്നു.
'ഔട്ട് റിങ് റോഡിലെ ഒരു ഗതാഗതക്കുരുക്കില്‍ ഞാന്‍ പെട്ടിരുന്നു. അവിടെ ട്രാഫിക് സിഗ്നലോ, പൊലീസ് ഉദ്യോഗസ്ഥരോ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ 100 മിനിറ്റ് ശ്രമിച്ചു. ഇനി ഒരു ബെംഗളുരു ട്രാഫിക് മീമോ, അതേക്കുറിച്ചുള്ള ചര്‍ച്ചകളോ ഇനിയെനിക്ക് വേണ്ട. ഞാനത് പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു. സമീപകാലത്ത് 2025 ഏപ്രിലില്‍ ഗൂഗിള്‍ മാപ്‌സ് റോഡ് മാനേജ്‌മെന്റ് ഇന്‌സൈറ്റ് പങ്കിടാന്‍ ആരംഭിച്ചിരുന്നു. ഇത് ബിഗ് ക്വെറി ഫോര്‍മാറ്റിലുള്ള ഒരു നഗരതല ഡേറ്റയാണ്. ഗൂഗിള്‍ ഡേറ്റയും സാറ്റലൈറ്റ് ഇമേജസും ഉപയോഗിച്ച് ഒരു മാസത്തിനുള്ളില്‍ എല്ലാ കുരുക്ക് മേഖലകളും അവയുടെ സമയവും നമുക്ക് കണ്ടെത്താനും പട്ടികപ്പെടുത്താനും സാധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന് ആ സ്ഥലങ്ങളില്‍ പ്രത്യേകം പ്രവര്‍ത്തിക്കാന്‍ സാധിക്കും.
ഈ പ്രൊജക്ടിനായി ഒരു കോടി രൂപ ചെലവഴിക്കാന്‍ ഞാന്‍ തയ്യാറാണ്: 1-2 സീനിയര്‍ എംഎല്‍/എഐ എന്‍ജിനീയര്‍മാര്‍ക്കും, ഗൂഗിള്‍ മാപ്സ് എപിഐ കോളുകള്‍, സാറ്റലൈറ്റ് ഇമേജറി & ജിപിയു എന്നിവ ഉപയോഗിക്കുന്നതിനും ഈ ബജറ്റ് ഉപയോഗിക്കാം. ഇതിനായി ബിടിപി-ബിബിഎംപി എന്നിവര്‍ തങ്ങളുടെ ടീമിനെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ ഈ പ്രൊജക്ട് ആരംഭിക്കും.ബെംഗളുരു ട്രാഫിക് ഓഫീസ്, ബിബിഎംപി അല്ലെങ്കില്‍ ട്രാഫിക് കമ്മിഷണറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിങ്ങളറിയുന്ന ആളുകളെ ടാഗ് ചെയ്ത് ഈ പോസ്റ്റ് അവരിലേക്ക് എത്തിക്കുക.
എം.എല്‍/എ.ഐ സുഹൃത്തുക്കളേ, ഈ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാന്‍ കഴിയുമെങ്കില്‍ തയ്യാറാണ് എന്ന് കമന്റ് ചെയ്യുക.വേഗതയേറിയ പ്രതികരണം ലഭിക്കുന്നതിനായി ഗതാഗതക്കുരുക്ക് മൂലം ബുദ്ധിമുട്ടുന്നവര്‍ ഇത് പങ്കിടുക. ഇന്ത്യയുടെ സാങ്കേതിക ഭാവിയാണ് ബെംഗളുരു, അതിനായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു.' പ്രശാന്ത് എക്‌സില്‍ കുറിച്ചു.
I am committing INR 1 Cr to find Bangalore Choke-Points via Google Maps & AL.
— Prashant Pitti (@ppitti) July 14, 2025
11 km → 2.15 hours in Bangalore Traffic on Saturday late night!
I was stuck at one choke-point at ORR, where I spent 100 mins struggling to understand why there is no traffic-light or cop here!
But… pic.twitter.com/b8Nf5vnUKf
ബെംഗളുരു നിവാസികളുടേതുള്‍പ്പെടെ മികച്ച പ്രതികരണമാണ് എക്‌സ് പോസ്റ്റിന് ലഭിച്ചത്. ഇതോടെ പ്രൊജക്ട് തന്നെ ബന്ധപ്പെടുന്നതിനായി പിറ്റി ഒരു ഗൂഗിള്‍ ഫോം പങ്കുവച്ചു. പ്രൊജക്ടുമായി ബന്ധപ്പെട്ട് കൊണ്ടുവരാനാകുന്ന നിര്‍ദേശങ്ങള്‍ ഇതിലൂടെ പങ്കുവയ്ക്കാന്‍ സാധിക്കും. ആ ലേഖനം എഴുതുന്നത് വരെ 573.5k ആണ് പോസ്റ്റിന് ലഭിച്ചിരിക്കുന്ന വ്യൂ. എഴുന്നൂറിലധികം പ്രതികരണങ്ങളും, ആയിരത്തിലധികം റീഷെയറും പതിനായരത്തിനടുത്ത് ലൈക്കും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
Content Highlights:Prashant Pitti Offers ₹1 Crore to Ease Bengaluru Congestion