
ബിയർ കഴിക്കുമ്പോൾ എപ്പോഴെങ്കിലും എന്താ ഇവ പല കളർ കുപ്പികളിൽ വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പക്ഷേ ഈ കളറുകൾ അത്ര നിസാരക്കാരല്ല. ബിയറിന്റെ ഫ്രഷ്‌നസ് നിലനിർത്താനും ഫ്‌ളേവറുകൾ മോശമായി പോവാതിരിക്കാനുമെല്ലാം പ്രധാന പങ്കുവഹിക്കുന്നത് ഈ കളറുകളാണ് എന്നതാണ് വസ്തുത. കാണുമ്പോൾ ഒരു ഭംഗിക്ക് വേണ്ടിയല്ല ഈ കളറുകൾ എന്നർത്ഥം.
ബിയർ ഫ്രഷായി സൂക്ഷിക്കാൻ മികച്ചതാണ് ഗ്ലാസുകളെന്ന് മനസിലാക്കിയതോടെ 19ാം നൂറ്റാണ്ട് മുതൽ ബിയറുകൾ ബോട്ടിലിലാക്കാൻ ആരംഭിച്ചു. എന്നാൽ പെട്ടെന്ന് തന്നെ ബിയർ വിൽക്കുന്നവർക്ക് ഒരു കാര്യം മനസിലായി. വെറും ഗ്ലാസ് ബോട്ടിലുകളിലുള്ള ബിയർ സൂര്യപ്രകാശം തട്ടുമ്പോൾ മോശമാകുന്നുവെന്നാണ് അവർ കണ്ടെത്തിയത്. ബിയറിന്റെ രുചിയെയും മണത്തയും ഇത് ബാധിക്കും. ലൈറ്റ് സ്ട്രക്ക് എന്നാണ് ഇതിനെ മദ്യശാലകളിൽ പറയുന്നത്.
യു വി കിരണങ്ങൾ ഗ്ലാസിലൂടെ കടന്ന് ബിയറിലെ ചേരുവകളുമായി ചേർന്ന് പ്രവർത്തിക്കും. പ്രത്യേകിച്ച് ഹോപ്‌സ് എന്ന ചേരുവയുമായി പ്രവർത്തിക്കുമ്പോൾ ഇതിലുള്ള ഇസോഹൂമുലോൺസും യു വി കിരണങ്ങളും മുട്ട ചീയുമ്പോഴുള്ള ദുർഗന്ധം അനുഭവപ്പെടും. ബിയർ ബോട്ടിലിന് മിക്കപ്പോഴും ബ്രൗൺ നിറമാകും. യു വി കിരണങ്ങളെ തടയാൻ ബെസ്റ്റാണീ നിറം. ബിയറിന്റെ രുചിയെ ഇല്ലാതാക്കുന്ന രാസപ്രക്രിയെ ഇവ ഇതുവഴി ഇല്ലാതാക്കുന്നു. ഈ നിറം വന്നതോടെയാണ് മദ്യശാലകൾ ബിയറുകൾ ധൈര്യമായി വിപണയിലെത്തിക്കാൻ ആരംഭിച്ചത്. ഇന്നും മേൽക്കൈ ബ്രൗൺ ബോട്ടിലുകൾക്കാണ്.
രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രൗൺ ഗ്ലാസുകളുടെ ലഭ്യത കുറഞ്ഞു. ഇതോടെ മദ്യശാലകളിൽ പച്ച നിറത്തിലുള്ള ബോട്ടിലുകൾ ഇടംപിടിച്ചു. എന്നാൽ ബ്രൗൺ ബോട്ടിലുകളുടെ ഒപ്പം പിടിച്ച് നിൽക്കാനുള്ള ശേഷം ഇവയ്ക്കില്ലെന്നതാണ് സത്യം. ഇവ ലൈറ്റ്‌സ്ട്രക്കിന് ഇടയാകാനുള്ള സാധ്യത കൂടുതലാണ്. ഇവയിൽ നിറച്ച ബിയറുകളുടെ സ്വാദ് പലർക്കും ഇഷ്ടമാണെന്ന കാരണം കൊണ്ട് ഇപ്പോഴും പച്ച ബോട്ടിലിലും ബിയർ സുലഭമാണ്.
ക്ലിയർ ബോട്ടിലുകൾ പുറത്ത് വച്ചാലോ സൂര്യപ്രകാശം തട്ടിയാലോ പ്രശ്‌നമാകുന്ന സാഹചര്യത്തിൽ ചില ബിയർ ഉത്പാദകൾ ഇതിന് യു വി സംരക്ഷണ കോട്ടിങ് നൽകി ബിയർ പുറത്തിറക്കാറുണ്ട്. നിലവിൽ യു വി കിരണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന കാനുകളും വിപണയിൽ സുലഭമാണ്. ഇവയിൽ സൂക്ഷിക്കുന്ന ബിയറുകൾ തണുപ്പിക്കാനും എളുപ്പമാണ്.
നിങ്ങൾ വാങ്ങുന്ന ബിയറുകളുടെ നിറം മാർക്കറ്റിങ് ഗിമ്മിക്കല്ലെന്ന് സാരം. അതിന് പിന്നിൽ ശാസ്ത്രീയമായ കാരണമുണ്ടെന്നും മനസിലായില്ലേ?
Content Highlights: Why beer bottles mostly are coloured, here is the answer