'മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍'; വിമർശനവുമായി ഷാഫി പറമ്പിൽ

പിണറായി സര്‍ക്കാര്‍ ജനമൈത്രി പൊലീസിനെ ഗുണ്ടാമൈത്രി പൊലീസാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ

'മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍'; വിമർശനവുമായി ഷാഫി പറമ്പിൽ
dot image

കോഴിക്കോട്: കസ്റ്റഡി മർദനത്തിൽ ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രിയെയും വിമർശിച്ച് ഷാഫി പറമ്പിൽ എംപി. തനി ഗുണ്ടായിസമായി പൊലീസിനെ ഈ സർക്കാർ മാറ്റിയെന്നും പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം തുടർച്ചയായി ഇത്തരം പ്രശ്‌നങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്ന് പറഞ്ഞ ഷാഫി, മുഖ്യമന്ത്രിയെ മുഖ്യ ഗുണ്ടയെന്നാണ് വിശേഷിപ്പിച്ചത്. ഗുണ്ടകളെ ഇരുവശത്തുംനിർത്തി കേരളത്തിന്റെ മുഖ്യ ഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ലെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

നിയമം സമാധാനത്തോടെ നടപ്പാക്കുന്നവർക്കല്ല പൊലീസിൽ പ്രാധാന്യം നൽകുന്നത്, പകരം ക്രിമിനലുകൾക്കും ഗുണ്ടകൾക്കുമാണ് സർക്കാരും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഒത്താശ ചെയ്യുന്നത്. പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെയാണ്. ജനമൈത്രി പൊലീസിനെ ഗുണ്ടാമൈത്രി പൊലീസാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഗുണ്ടകളായ പൊലീസുകാരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയണം. പൊലീസിലെ ഗുണ്ടകൾക്ക് രാഷ്ട്രീയ സംരക്ഷണമാണ് സർക്കാർ ഒരുക്കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും ശമ്പളം പറ്റുന്ന പൊലീസുകാരൻ മർദിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെക്കുന്നുവെങ്കിൽ, അതിന് എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അത് സർക്കാർ നടപടി സ്വീകരിക്കാത്തതിനാല്‍ ആണെന്നും ഷാഫി പറഞ്ഞു.

ഇതൊന്നും പ്രശ്‌നമല്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതിലൂടെ നൽകുന്നത്. മൗനം ഗുണ്ടായിസത്തിനുള്ള സമ്മതമാണ്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ആ മൗനം തുടരില്ല. കാക്കി ഇട്ട ഗുണ്ടകൾക്ക് ഇനിയും ശമ്പളം കൊടുത്താൽ കോൺഗ്രസ് പ്രവർത്തകർ വെറുതെ ഇരിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കുത്തഴിഞ്ഞ സംവിധാനമായി ആഭ്യന്തര വകുപ്പ്മാറി. പൊലീസിന് കഴിവ് ഇല്ലാത്തതു കൊണ്ടല്ല. നിയന്ത്രണം ഗുണ്ടകൾ ഏറ്റെടുത്തതാണ് പ്രശ്‌നം. ഗുണ്ടകൾക്ക് ആഭ്യന്തര മന്ത്രി പ്രൊമോഷൻ ഒപ്പിട്ട് നൽകുകയാണ്.

Content Highlights: Shafi Parambil criticizes the Home Department and the Chief Minister for custodial torture

dot image
To advertise here,contact us
dot image