
ഇമ്പോസിഷൻ എന്ന വാക്ക് അങ്ങനെയാരും മറക്കാനിടയില്ല. കുട്ടിക്കാലത്ത് ഒരുപാട് ഇമ്പോസിഷൻ എഴുതിയിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും. പഠിച്ചുവരാത്തതിന്, കുരുത്തക്കേട് കാണിച്ചതിന് അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങൾക്കുളള ശിക്ഷ ഇമ്പോസിഷൻ ആയിരിക്കും. എന്നാൽ അവയെല്ലാം കൂടിപ്പോയാൽ എട്ട്, പത്ത് ക്‌ളാസുകൾ വരെയേ ഉണ്ടാകൂ. പിന്നീടങ്ങോട്ട് ഇമ്പോസിഷൻ എന്ന രീതിയെ ഉണ്ടാകില്ല.
എന്നാൽ ഓഫീസുകളിൽ ഇമ്പോസിഷൻ എഴുതിക്കുന്നുണ്ടെന്ന് അറിഞ്ഞാലോ? കേൾക്കുന്നവരുടെ മുഖം ചുളിയില്ലേ? റെഡിറ്റിലുള്ള ഇന്ത്യൻ വർക്ക് പ്ളേസസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഇങ്ങനെയൊരു അനുഭവം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റൊരാൾ എഴുതിയ പോസ്റ്റ് ആണ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.
സംഗതി ഇങ്ങനെയാണ്. ഓഫീസിലെ ഒരു ടെസ്റ്റിൽ ഒരാൾ 33ൽ 27 മാർക്ക് ആണ് നേടിയത്. അതായത് 82 ശതമാനം. എന്നാൽ ഇത് പോരെന്നും പറഞ്ഞ് ജീവനക്കാരനോട് ഓഫീസിലെ ഉദ്യോഗസ്ഥർ അമ്പത് തവണ ഇമ്പോസിഷൻ എഴുതാൻ പറഞ്ഞത്രേ. 90 ശതമാനമാണ് വേണ്ട മാർക്ക് എന്നും ആ മാർക്ക് ഇല്ലാത്തതിനാൽ അമ്പത് തവണ എഴുതിപ്പഠിക്കണമെന്നുമാണ് വിചിത്ര നിർദേശം. ഇവ ഓഫീസ് സമയത്തിന് പുറത്തുവേണം ചെയ്യാനെന്നും പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ ഇതെല്ലാം നല്ല സ്പിരിറ്റിൽ എടുക്കണമെന്നും പറയുന്നുണ്ട്.
ജൂലൈയിൽ നടന്ന കാര്യമാണ് ഇപ്പോൾ ഈ യൂസർ ഷെയർ ചെയ്തിരിക്കുന്നത്. വലിയ വിമർശനമാണ് ഈ ഇമ്പോസിഷൻ നീക്കത്തിനെതിരെ ഉയരുന്നത്. എന്താണ് ഇന്ത്യൻ ജോലിസ്ഥലങ്ങൾക്ക് പറ്റുന്നതെന്നും മറ്റ് രാജ്യങ്ങളിലെല്ലാം ജോലിസമയം കഴിഞ്ഞുള്ള ജോലിക്ക് പണം നൽകുമെന്നും ഒരു യൂസർ പറയുന്നു. ഐടിയിൽ പോലും ഇത്തരം രീതി ഇല്ലെന്നും കമ്പനിയുടെ സിഇഒ മുൻ സ്‌കൂൾടീച്ചർ ആണെന്നും ഒരു യൂസർ പറയുന്നു. എന്തായാലും ജോലി സ്ഥലത്തെ ഈ ഇമ്പോസിഷൻ രീതിക്കെതിരെ വ്യാപക വിമർശനം ഉയരുകയാണ്.
Content Highlights: Office asked employee to write imposition as he lose test