
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരത്തിന് കളമൊരുങ്ങുകയാണ്. ക്രിക്കറ്റിലെ ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. ഇരുരാജ്യങ്ങൾക്കിടയിൽ സമീപകാലത്ത് ഉടലെടുത്ത പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മത്സരം ഇന്ത്യയ്ക്കും പാകിസ്താനും അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ്.
മത്സരത്തിൽ ഇന്ത്യൻ സ്പിൻ ബൗളർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ എറിയുന്ന എട്ടോവർ കളി തീരുമാനിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. കുൽദീപ് യാദവായിരുന്നു യുഎഇക്കെതിരെയുള്ള ആദ്യ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.
'ബൗളിങ്ങിന്റെ കാര്യം നോക്കിയാൽ, ഇന്ത്യൻ സ്പിന്നർമാരായ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ മത്സരം നിയന്ത്രണത്തിലാക്കുമെന്നും വിക്കറ്റുകൾ നേടുമെന്നും ഞാൻ കരുതുന്നു. പാരമ്പര്യമായി പാകിസ്താൻ ലെഗ് സ്പിന്നിനെതിരെ നന്നായി കളിക്കാറില്ല. അതിപ്പോൾ ഇടം കയ്യൻ സ്പിന്നർ ആണെങ്കിലും വലം കയ്യൻ ആണെങ്കിലും അവർ ബുദ്ധിമുട്ടാറുണ്ട്. അവരുടെ എട്ട് ഓവറുകളൽ കളിയുടെ വിധിയെഴുതുമെന്ന് ഞാൻ കരുതുന്നു,' ചോപ്ര പറഞ്ഞു.
' ഇവർ രണ്ട് പേരുമായിരിക്കും ശ്രദ്ധാകേന്ദ്രം. അവസാന മത്സരത്തിൽ മുഹമ്മദ് ഹാരിസ് അർധസെഞ്ച്വറി തികച്ചിരുന്നു. ഫഖ്ഹാർ സമാനെ പോലെ വലിയ പേരുകളും അവർക്കൊപ്പമുണ്ട്. അവരെ രണ്ട് പേരെയും എളുപ്പമെടുത്താൽ മത്സരം ഇന്ത്യയുടെ ദിശയിലേക്ക് എളുപ്പം തിരിയും,' ചോപ്ര കൂട്ടിച്ചേർത്തു. ടി-20യിൽ ഇതുവരെ ഏറ്റുമുട്ടിയ 13 മത്സരത്തിൽ 10ഉം ഇന്ത്യ ആണ് വിജയിച്ചത്.
Content Highlights- Akash Chopra Says Indian Spin Duo Kuldeep Yadav and Varunu Chakaravarthi control the game against Pakistan