
പ്രൊഫഷണല്‍ ലൈഫില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തവരാണ് ജപ്പാകാര്‍. ഔപചാരികത, കാര്‍ക്കശ്യം, അച്ചടക്കം ഇതെല്ലാം അവരുടെ തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗവുമാണ്..ആ പ്രൊഫഷണല്‍ ലൈഫിന്റെ ഭാഗമാണ് 'നോമികായ്' എന്ന 'സവിശേഷ' ആചാരം!
സംഗതി എന്താണെന്നല്ലേ? ഓഫിസ് സമയത്തിന് ശേഷം ജൂനിയര്‍ സീനിയര്‍ വ്യത്യാസങ്ങളില്ലാതെ ജീവനക്കാരെല്ലാം ഒത്തുകൂടുന്ന ഡ്രിങ്ക്‌സ് പാര്‍ട്ടിയാണ് ഇത്. ഇസകായ എന്നറിയപ്പെടുന്ന പബ്ബ് സ്റ്റൈല്‍ റെസ്റ്ററന്റുകളിലാണ് ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കുക. ബോസും മാനേജരും സീനീയേഴ്‌സും ജൂനിയേഴ്‌സും ക്ലൈന്റ്‌സും ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ഭക്ഷണവും ഡ്രിങ്ക്‌സും ആസ്വദിക്കും. എത്ര മനോഹരമായ ആചാരം എന്നാണോ മനസ്സില്‍ ചിന്തിക്കുന്നത്?
ടീം സ്പിരിറ്റ് മെച്ചപ്പെടുത്തുന്നതിനും പരസ്പര ബന്ധം ഊഷ്മളമാക്കുന്നതിനും കോര്‍പറേറ്റീവ് ജോലിയുടെ മടുപ്പ് ഒഴിവാക്കുന്നതിനുമെല്ലാം വേണ്ടിയാണ് ഇത് നടത്തുന്നത്. ഇവിടെ സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സംസാരിക്കാം, അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാം. പാനീയം എന്ന അര്‍ഥം വരുന്ന നോമു, കൂടിക്കാഴ്ച എന്ന അര്‍ഥം വരുന്ന കായ് എന്നീ പദങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ഈ പാര്‍ട്ടിക്ക് ജപ്പാന്‍കാര്‍ നോമികായ് എന്ന പേരിട്ടിരിക്കുന്നത്.
ചിലരെ സംബന്ധിച്ചിടത്തോളം ഈ പാര്‍ട്ടി രസകരമാണെങ്കില്‍ മറ്റുചിലര്‍ക്ക് ഇതൊരു വലിയ ബാധ്യതയുമാണ്. പാര്‍ട്ടിയിലെ മറ്റൊരു പ്രധാന സംഗതി ബോസ് നിങ്ങള്‍ക്ക് നേരെ നീട്ടുന്ന ഡ്രിങ്ക്‌സിനോട് നോ പറയാന്‍ പാടില്ലെന്നുള്ളതാണ്. അങ്ങനെ ചെയ്താല്‍ അത് ധിക്കാരമായാണ് വിലയിരുത്തുക. അമിതമായി മദ്യപിച്ച് ലക്കുകെടുന്നതിനാല്‍ നോമികായ് നടന്നതിന് പിറ്റേന്ന് എക്‌സിക്യൂട്ടീവ് വേഷത്തില്‍ തെരുവില്‍ കിടന്നുറങ്ങുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ പതിവുകാഴ്ചയാണത്രേ.
മികച്ച ജീവിതശൈലി പിന്തുടരുന്നവരാണ് ജപ്പാന്‍കാര്‍. അതിനാല്‍ തന്നെ നോമികായ് അത്രയ്ക്കങ്ങോട്ട് ഹെല്‍ത്തിയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്, ആരോഗ്യത്തെ ഈ വെള്ളമടി പാര്‍ട്ടി ദോശകരമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights:What is Nomikai? Japan’s Business Drinking Culture