

ബഹ്‌റൈനിൽ ഗാർഹിക തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നടപടികൾ ഇനി കൂടുതൽ വേഗത്തിലാകും. ഇതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. സ്പോൺസർ മരണപ്പെടുന്ന സാഹചര്യത്തിൽ ഗാർഹിക തൊഴിലാളികളുടെ വർക്ക് വിസ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളാണ് എൽഎംആർഎ കൂടുതൽ ലളിതമാക്കിയത്.
പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ, തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനോ അല്ലെങ്കിൽ നിലവിലുള്ള പെർമിറ്റ് റദ്ദാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങാനോ ഇനി വേഗത്തിൽ അപേക്ഷിക്കാം. മുൻപ് ഈ സേവനത്തിനായി പത്ത് പ്രവൃത്തി ദിവസങ്ങൾ എടുത്തിരുന്ന സ്ഥാനത്ത് ഇനിമുതൽ ഒറ്റ ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കാനാകും. ആവശ്യമായ രേഖകളുടെ എണ്ണം 50 ശതമാനവും വിവിധ അനുമതികളുടെ എണ്ണം 25 ശതമാനവും കുറച്ചുകൊണ്ടാണ് നടപടിക്രമങ്ങൾ എളുപ്പമാക്കിയത്.
എല്ലാ ഔദ്യോഗിക ചാനലുകളിലും ഒരേ വിവരങ്ങൾ ലഭ്യമാക്കിയതിലൂടെ കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാൻ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. നൂതന ഡിജിറ്റൽ പരിഹാരങ്ങളിലൂടെ ഗുണഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് എൽഎംആർഎ സർവീസസ് ആൻഡ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ഇബ്രാഹിം അൽ അരാദി പറഞ്ഞു.
സർക്കാർ സേവനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലായി ഇതുവരെ ഏകദേശം 800 സേവനങ്ങൾ പുനക്രമീകരിച്ചിട്ടുണ്ട്. 'തവാസുൽ' സംവിധാനത്തിലൂടെ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും രഹസ്യ പരിശോധനാ റിപ്പോർട്ടുകളും പരിഗണിച്ചാണ് ഈ മാറ്റങ്ങൾ നടപ്പാക്കിയതെന്നും എൽഎംആർഎ അറിയിച്ചു.
Content Highlights: Bahrain has announced measures to expedite work permit processing for domestic workers, providing relief to employers and workers while improving administrative efficiency.