വീട്ടിൽ സ്ഥിരമായി പാമ്പ് വരാറുണ്ടോ? പൂന്തോട്ടത്തിലെ ഈ ചെടികളാകാം കാരണം

പൂന്തോട്ടങ്ങളിലെ പല ചെടികളും പാമ്പിനെ വിളിച്ച് വരുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

dot image

ചെടികളും പൂക്കളും ഇഷ്ടമല്ലാത്ത ആളുകൾ ഉണ്ടാകില്ല. എല്ലാവർക്കും വീട്ടിൽ ഒരു പൂന്തോട്ടമുണ്ടാകുന്നത് വളരെ സന്തോഷമാണ്. എന്നാൽ ഈ പൂന്തോട്ടങ്ങളിലെ പല ചെടികളും പാമ്പിനെ വിളിച്ച് വരുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പല പല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഇടതൂർന്ന് നിൽക്കുന്ന ചെടികൾ, തവളയ്‌ക്കോ, എലിക്കോ ഒളിച്ചിരിക്കാൻ കഴിയുന്ന തരത്തിൽ വളർന്നിരിക്കുന്നത്, ശക്തമായ ഗന്ധമുള്ള ചെടികള്‍ എന്നിവയാണ് ഇവയില്‍ ചിലത്.

പാമ്പുകളെ ആകർഷിക്കുന്ന പ്രധാന ചെടികൾ ഏതൊക്കെയാണ് എന്ന് നോക്കാം.

മുല്ല

കുറ്റി പോലെ വളർന്നിരിക്കുന്നതും, വള്ളി പോലെ പടർന്ന് കയറുന്നതുമായ പല തരത്തിലുള്ള മുല്ലകളുണ്ട്. ഇവയുടെ മണം പരാഗണത്തിനായി ഈച്ചകളെ മാത്രമല്ല, പാമ്പിനെയും, എലിയെയും, തവളകളെയും ആകർഷിക്കും. പടർന്ന് പന്തലിച്ച് വളർന്ന് നിൽക്കുന്ന മുല്ലച്ചെടികൾ പാമ്പുകൾക്ക് ഒളിക്കാൻ സ്ഥലം നൽകുന്നു. അതുകൊണ്ട് വീടിനോട് ചേർന്ന് മുല്ല നടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഗ്രൗണ്ട് കവർ ഐവി

നിലത്ത് കൂടി പടർന്ന് വളരുന്ന കേരളത്തിലെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ചെടിയാണ് ​ഗ്രൗണ്ട് കവർ ഐവി. ഇത് പാമ്പുകൾക്ക് ഒളിഞ്ഞിരിക്കാൻ പറ്റിയ സാഹചര്യമാണ് നൽകുന്നത്. പടർന്ന് വളരുന്ന സ്വഭാവമായതിനാൽ ചെടിയുടെ അടിഭാ​ഗത്ത് തണുപ്പും, ഈർപ്പവും നിറഞ്ഞ അന്തരീക്ഷമായിരിക്കും, ഇത് പാമ്പുകൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. ഐവി എലികളെയും പ്രാണികളെയും ആകർഷിക്കുന്നതിനാൽ പാമ്പിന് പറ്റിയ ഒളിത്താവളമായിരിക്കും ഇത്.

മുള

മുള വീടിന് മുന്നിലും, ഗാർഡനിലുമൊക്കെ നടുന്നത് ട്രെൻഡായി മാറിയിരിക്കുകയാണ്. മുള കാണുമ്പോൾ വളരെ ശാന്തമായി വളരുന്ന ചെടി പോലെ തോന്നുമെങ്കിലും പാമ്പുകളുടെ ഇഷ്ട താവളമാണ് മുളയുടെ ചുവട്. മുളകൾ മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിന് വളരെ പ്രാധാന്യം കൊടുക്കുന്ന സസ്യമാണ്. മണ്ണിലെ ഈ തണുപ്പ് തേടിയാണ് പാമ്പുകൾ മുളയുടെ ചുവട്ടിലെത്തുന്നത്. മുളകളുടെ ഇലയും മറ്റും നിറഞ്ഞ് നിൽക്കുന്നതിനാൽ പാമ്പ് ഒളിച്ചിരിക്കുന്നുണ്ടെങ്കിലും കാണാനാവില്ല.

പാൽമെറ്റോ ബുഷ്

ഇടതൂർന്ന് വളരുന്ന ഒരുതരം കുറ്റിച്ചെടിയാണ് പാൽമെറ്റോ ബുഷുകൾ. പാമ്പുകൾക്ക് ഒളിഞ്ഞിരിക്കാൻ പറ്റിയ സാഹചര്യമാണ് പാൽമെറ്റോ നൽകുന്നത്. ഇവയുടെ ഇലകൾ തണലും തണുപ്പും നൽകുന്നതിനാൽ പാമ്പുകൾക്ക് സുഖകരമായിരിക്കും. കൂടാതെ നിലത്ത് വീണുകിടക്കുന്ന ഉണങ്ങിയ ഇലകളിൽ പാമ്പുകൾക്ക് വിശ്രമിക്കാനും കഴിയുന്നു.

കൊങ്ങിണി പൂക്കൾ

കാണാൻ ഭംഗിയുള്ളതും വളരെ വേഗത്തിൽ തഴച്ച് വളരുന്നതുമായ ചെടിയാണ് കൊങ്ങിണി. കേരളത്തിൽ മിക്കവാറും എല്ലാ വീടുകളിലും പണ്ട് മുതൽ കണ്ടുവരുന്ന ചെടി കൂടിയാണിത്. ഇടതൂർന്ന് വളരുന്നതിനാൽ ചെറിയ പ്രാണികൾ, പല്ലി, എലി തുങ്ങിയവയുടെ പ്രധാന കേന്ദ്രമാണ് ഈ ചെടികൾ. പാമ്പുകളുടെ ഇഷ്ടഭക്ഷണമായ ഇവയൊക്കെ ഒരിടത്ത് ആയിരിക്കുമ്പോൾ പാമ്പിന് കൊങ്ങിണി ഉള്ളിടത്ത് വരാതിരിക്കാൻ കഴിയില്ലല്ലോ. പിണഞ്ഞ് കിടക്കുന്ന ശാഖകളും, നിറഞ്ഞ് നിൽക്കുന്ന ഇലകളും പൂക്കളും പാമ്പിന് നിങ്ങൾ കാണാതെ ഒളിച്ചിരിക്കാനുള്ള മറ നൽകുന്നു.

കരിമ്പ്

കരിമ്പ് നമ്മുടെ ഉദ്യാനത്തിൽ ഉണ്ടാകാറില്ല. എങ്കിലും പല വീടുകളിലും ഇപ്പോൾ കരിമ്പ് വളർത്തുന്നത് കണ്ടുവരാറുണ്ട്. കട്ടിയുള്ള തണ്ടുകളോടെ അടുത്തടുത്ത് വളരുന്ന കരിമ്പിൻ തോട്ടങ്ങൾ ആഡംബര ഹോട്ടലുകൾ പോലെയാണ് പാമ്പുകൾക്ക്. കരിമ്പിൻ തണ്ടുകൾക്കിടയിലെ ഈർപ്പവും തണലുമുള്ള ഭാഗങ്ങൾ പാമ്പിന് വിശ്രമിക്കാൻ ഉചിതമായ സാഹചര്യം നൽകുന്നു.

Content Highlight; Plants That Commonly Attract Snakes to Your Garden

dot image
To advertise here,contact us
dot image