ഇത് എന്താ സ്വർണത്തിൽ ഉണ്ടാക്കിയതോ ? ;വാടക 2.5 ലക്ഷം, അഡ്വാൻസ് 15 ലക്ഷം, പരസ്യം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

എത്ര സൗകര്യമുള്ള ഫ്‌ളാറ്റാണെങ്കിലും ഇത്രയും പണം ആരെങ്കിലും വാടക നല്‍കുമോ എന്നായിരുന്നു പലരുടെയും ചോദ്യം

dot image

സ്വന്തം വീട്ടില്‍ നിന്ന് മാറി ജോലിക്കായും പഠനത്തിനായും അന്യനാട്ടിലേക്ക് പോകുന്നവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് താമസ സൗകര്യം. വാടക, വൃത്തിയുള്ള സ്ഥലം, സ്വകാര്യത തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ സംതൃപ്തമായ താമസസ്ഥലം ലഭിക്കുക വളരെ പ്രയാസമാണ്. ബെംഗളൂരുവിലെ ഒരു 3 മുറി അപ്പാര്‍ട്ട്‌മെന്റിന്റെ വാടകയെക്കുറിച്ച് ഉപയോക്താവ് പോസ്റ്റ് പങ്കുവച്ചതോടെ വര്‍ധിച്ചുവരുന്ന വാടകയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. ബെംഗളൂരുവിലെ ഹരളൂരില്‍ മൂന്ന് മുറി അപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിമാസ വാടക 2.7 ലക്ഷം രൂപയാണ്. ഇതാണ് ആളുകള്‍ക്കിടയില്‍ വാടകയെക്കുറിച്ചുള്ള ചര്‍ച്ച സജീവമാകാന്‍ കാരണമായത്.

2.7 ലക്ഷം രൂപ മാസവാടക നല്‍കേണ്ട അപ്പാര്‍ട്ട്‌മെന്റിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് 15 ലക്ഷം രൂപയാണ്. എത്ര സൗകര്യമുള്ള ഫ്‌ളാറ്റാണെങ്കിലും ഇത്രയും പണം ആരെങ്കിലും വാടക നല്‍കുമോ എന്നായിരുന്നു കമന്റ് ബോക്‌സിലെത്തിയ പലരുടെയും ചോദ്യം.

വാടകയ്ക്ക് വീടെടുക്കാന്‍ ശ്രമിച്ചിട്ടും ഉയര്‍ന്ന വാടക കേട്ട് നിരാശരായ പലരെയും ഈ പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സില്‍ കാണാന്‍ കഴിയും. പല വീടുകളും കാണുകയും, അതിന് ചോദിക്കാവുന്നതിലും അധിക വാടക ഉടമസ്ഥര്‍ ചോദിക്കുകയും ചെയ്തതിനക്കുറിച്ച് നിരവധി ആളുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എച്ച്എസ്ആര്‍ ലേഔട്ട്, സര്‍ജാപൂര്‍ റോഡ് തുടങ്ങിയ പ്രധാന ടെക് ഹബ്ബുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഹാളൂര്‍ ഒരു പ്രൈം സ്‌പോട്ടാണ്. ഐടി പ്രൊഫഷണല്‍സായ നിരവധി ആളുകള്‍ താമസസ്ഥലം അന്വേഷിക്കുന്നതിനാല്‍ വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമെല്ലാം വലിയ വാടകയാണ് മിക്കവരും ചോദിക്കുന്നത്.

എന്നാല്‍ 2.7 ലക്ഷം രൂപ കൊടുത്ത് ഈ ഫ്‌ളാറ്റ് വാങ്ങേണ്ടതില്ലെന്ന് പല ആളുകളും അഭിപ്രായപ്പെട്ടു. 50,000 രൂപ മുതല്‍ ഇത്തരത്തിലുള്ള ഫ്‌ളാറ്റുകള്‍ ഇതേ സ്ഥലത്ത് ലഭിക്കുമെന്നായിരുന്നു അവരുടെ നിരീക്ഷണം. പോസ്റ്റ് ചെയ്തയാള്‍ക്ക് അബദ്ധത്തില്‍ ഒരു പൂജ്യം കൂടിപ്പോയതായിരിക്കാം എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് എല്ലാ സ്ഥലങ്ങളിലും വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വലിയ വാടക ഈടാക്കാറുണ്ട്. പലപ്പോഴും ശമ്പളത്തിന്റെ പകുതി താമസസ്ഥലത്തെ വാടകയ്ക്കായി മാത്രം ചിലവഴിക്കാന്‍ പലരും നിര്‍ബന്ധിതരാകുന്നു. കൊച്ചി പോലുള്ള നഗരങ്ങളിലും ഇത്തരത്തില്‍ വാടക അധികരിക്കുന്നതിലെ പ്രശ്‌നങ്ങള്‍ ജോലിക്കാരും വിദ്യാര്‍ത്ഥികളും അനുഭവിക്കുന്നത് കാണാനാകും.

Content Highlight; 3 BHK for Rs 2.7 Lakh? Bengaluru Rent Shocks People

dot image
To advertise here,contact us
dot image