
പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല, പരസ്പരം വഴക്കടിക്കുന്നില്ല, അഭിപ്രായ വ്യത്യാസങ്ങളില്ല..പക്ഷെ റിലേഷന്‍ഷിപ്പില്‍ പഴയ ഊഷ്മളത അനുഭവപ്പെടുന്നില്ല. ഒരു മെസേജയച്ചാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മറുപടി നല്‍കിയിരുന്ന പങ്കാളി മണിക്കൂറുകള്‍ കഴിഞ്ഞാണ് മെസേജ് നോക്കുന്നതും മറുപടി നല്‍കുന്നതും. ജോലിയിലെ തിരക്കില്‍ പെട്ടുപോയെന്ന പതിവ് മറുപടിയും. ഇടയ്ക്കിടയ്ക്കുള്ള കൂടിക്കാഴ്ചകളുടെ എണ്ണം കുറഞ്ഞു. ഫോണിലുള്ള സംസാരത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് എന്തുപ്രശ്‌നം എന്ന സ്ഥിരം മറുപടി. പക്ഷെ എവിടെയോ, എന്തോ തകരാറില്ലേ? തിരക്കുമാത്രമാണോ കാരണം?
അല്ലെന്ന് പറയുകയാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍. റിലേഷന്‍ഷിപ്പിലെ ഈ പുതിയ ട്രെന്‍ഡിന്റെ പേരാണ് സോഫ്റ്റ് ഡംപിങ്ങ്. ബന്ധം ഉപേക്ഷിക്കുകയാണ് എന്ന് വ്യക്തമായി പറയാതെ ബന്ധത്തില്‍ നിന്ന് വലിയ ശബ്ദകോലാഹലങ്ങളോ, അസ്വാര്യസ്യങ്ങളോട് പ്രകടിപ്പിക്കാതെ നിങ്ങളുടെ പങ്കാളി പതുക്കെ പിന്‍വാങ്ങുകയാണെന്ന് സാരം.
എന്താണ് സോഫ്റ്റ് ഡംപിങ്?
രണ്ടുപേരും ചേര്‍ന്ന് ബ്രേക്കപ്പ് എന്ന തീരുമാനമെടുക്കാതെ പങ്കാളിയില്‍ നിന്ന് വൈകാരികമായി വേര്‍പിരിയാന്‍ തുടങ്ങുന്നതിനെയാണ് സോഫ്റ്റ് ഡംപിങ് എന്നുപറയുന്നത്. പരസ്പരം സംസാരിച്ച് ബന്ധം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലെത്തുന്നതിന് പകരം അകലംപാലിച്ചുകൊണ്ടുള്ള പെരുമാറ്റത്തിലൂടെ അവര്‍ ബന്ധത്തില്‍ നിന്ന് വേര്‍പിരിയാന്‍ ആരംഭിക്കും.
ഇപ്രകാരം ചെയ്യുന്നതോടെ മറ്റേയാള്‍ക്ക് കാര്യം മനസ്സിലാകുമെന്നും ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറാവുകയും ചെയ്യുമെന്ന ധാരണയിലാണ് പലരും സോഫ്റ്റ് ഡംപിങ്ങിന് തയ്യാറാകുന്നത്. തങ്ങളുടെ പങ്കാളി ബ്രേക്കപ്പിന് മുന്‍കൈ എടുക്കുന്നതിന് വേണ്ടിയും പലരും ഇപ്രകാരം ചെയ്‌തേക്കാം. കാരണം താനായി ബ്രേക്കപ്പിനെ കുറിച്ച് സംസാരിക്കുന്നത് തന്റെ പ്രതിച്ഛായയ്ക്ക് മോശമായേക്കും എന്ന ധാരണയിലാണ് പലരും ഇത്തരത്തില്‍ വൈകാരിക പിന്‍മാറ്റം നടത്തുന്നത്. ഏറ്റുമുട്ടല്‍ അഭിമുഖീകരിക്കാന്‍ പേടിയുള്ളവരാണ് പങ്കാളിയോട് ഇത്തരത്തിലൊരു മൃദുസമീപനത്തിന് മുതിരുന്നത്.
ബന്ധം അവസാനിപ്പിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കുറ്റബോധവും പശ്ചാത്താപവും എല്ലാം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മറ്റുചിലര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത്. എന്നാല്‍ ബന്ധം ഇനി എന്തുചെയ്യണം തുടരണോ വേണ്ടയോ എന്ന സംശയത്തില്‍ നില്‍ക്കുന്നവരും തങ്ങള്‍പോലും അറിയാതെ പങ്കാളിയെ സോഫ്റ്റ് ഡംപ് ചെയ്യാനുള്ള സാധ്യതയുണ്ട്.
അവരെ സംബന്ധിച്ചിടത്തോളം ഈ ബന്ധം തുടരണമെന്ന് ഇല്ല, എന്നാല്‍ അവര്‍ പൂര്‍ണമായും പിന്‍മാറിയിട്ടും ഉണ്ടാകില്ല.
പരസ്പരം ഒരു അകലം പാലിക്കുന്നത് നല്ലതാണെന്ന് കരുതി ബോധപൂര്‍വവും ചിലര്‍ ഈ മാര്‍ഗത്തെ സ്വീകരിക്കുന്നുണ്ട്. എന്തൊക്കെ തന്നെയായാലും എത്രയെല്ലാം അഭിനയിച്ചാലും വൈകാരിക അകല്‍ച്ച കൃത്യമായി തന്നെ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ സോഫ്റ്റ് ഡംപ് ചെയ്യപ്പെടുന്ന മാനസിക നിലയെയാണ് ഇത് കൂടുതല്‍ ബാധിക്കുക. തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന ആശയക്കുഴപ്പത്തിലായിരിക്കും ഇവര്‍. താന്‍ ഓവര്‍തിങ്ക് ചെയ്യുന്നതാണോ, ഞാനെന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടോ എന്നെല്ലാം അവര്‍ ആലോചിച്ചുകൊണ്ടേയിരിക്കും.
സോഫ്റ്റ് ഡംപിങ് ലക്ഷണങ്ങള്‍
നിങ്ങളില്‍ അവര്‍ക്ക് താല്പര്യമുള്ളതായി ഭാവിക്കുമെങ്കിലും അര്‍ഥവത്തായ സംഭാഷണങ്ങള്‍ക്ക് അവര്‍ മുതിരില്ല.
ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ കൂടുതല്‍ എഫര്‍ട്ട് എടുക്കുന്നതായി തോന്നാം.
അവരുടെ പ്രതികരണങ്ങള്‍ പതുക്കെയാകും. ഒരു ടെക്സ്റ്റിന് പ്രതികരിക്കണമെങ്കില്‍ പോലും ദിവസങ്ങള്‍ എടുക്കുന്നു.
ഭാവിയെക്കുറിച്ചുള്ള ഗൗരവത്തോടെയുള്ള ചര്‍ച്ചകള്‍ക്ക് അവര്‍ തയ്യാറാകില്ല.
അവരുടെ ശ്രദ്ധ കുറയും..നിങ്ങള്‍ക്കൊപ്പമുണ്ടെങ്കിലും ഒപ്പം ഇല്ലാത്തതുപോലെയായിരുക്കും തോന്നുക.
അര്‍ഥവത്താല്ലാത്ത പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങള്‍ നല്‍കിയേക്കാം.
എന്തുചെയ്യാം?
പങ്കാളിയുമായി സംസാരിക്കുക തന്നെയാണ് പോംവഴി. ഈ ബന്ധത്തില്‍ തുടരാന്‍ താല്പര്യമുണ്ടോ എന്ന കാര്യം തുറന്നുചോദിക്കാം. സംസാരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നിങ്ങളുടെ സമാധാനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള എന്തുതീരുമാനവും നിങ്ങള്‍ക്കെടുക്കാം. അവര്‍ വൈകാരികമായി അകന്നുകഴിഞ്ഞാല്‍ പിന്നെ അവിടെ തുടരുന്നതില്‍ അര്‍ഥമില്ല.
Content Highlights: The Rise of Soft Dumping: A New Era in Relationship Breakups?