'നമുക്ക് വിമാനം പൊക്കിയും താഴ്ത്തിയും കളിച്ചാലോ'; കാനഡയിൽ വ്യോമഗതാഗതം തടസപ്പെടുത്തി യുവാവിന്‍റെ അഭ്യാസ പ്രകടനം

റണ്‍വേയ്ക്ക് വലം വച്ചും, തലങ്ങും വിലങ്ങും ഇയാള്‍ വിമാനം പറത്തിയതോടെ 9 വിമാനങ്ങളാണ് വഴി തിരിച്ച് വിടേണ്ടി വന്നത്

dot image

മിതവേഗതയിലും നിയമം കാറ്റില്‍ പറത്തിയും ചിലര്‍ റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് പോലെ ആകാശത്ത് വിമാനം തലങ്ങും വിലങ്ങും പറത്തി വ്യോമഗതാഗത്തെ ആകെ അവതാളത്തിലാക്കി യുവാവ്. കാനഡയില്‍ ചെറുവിമാനം തട്ടിയെടുത്ത് നഗരത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് മുകളിലൂടെ പറത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ പരാക്രമത്തോടെ അന്താരാഷ്ട്ര വിമാനങ്ങളുടേതടക്കം സര്‍വീസുകള്‍ അവതാളത്തിലായി. അരമണിക്കൂറോളം നഗരത്തിലും വിമാനത്താവളത്തിലും അരക്ഷിതാവസ്ഥയുണ്ടാക്കിയ ശേഷമാണ് ഇയാള്‍ വിമാനം നിലത്തിറക്കാന്‍ തയ്യാറായത്.

വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്‌ളൈറ്റ് സ്‌കൂളില്‍ നിന്നുള്ള ചെറു വിമാനവുമായി ചൊവ്വാഴ്ച്ചയാണ് 39 വയസുകാരനായ ഷഹീര്‍ കാസിം വാന്‍ കൂവിലെത്തിയത്. സെസ്‌ന 172 എന്ന വിമാനവുമായി എത്തിയ ഇയാള്‍ വിമാനത്താവളത്തെയും അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തി. പ്രതിവര്‍ഷം 12000ത്തിലേറെ സ്വകാര്യ സര്‍വ്വീസുകള്‍ നടത്തുന്ന വിക്ടോറിയ ഫ്‌ളൈയിങ് ക്ലബ്ബിന്റെ വിമാനമായിരുന്നു ഇയാള്‍ തട്ടിയെടുത്തത്.

പഠിക്കാനെന്ന പേരില്‍ വിമാനത്തിനുള്ളില്‍ കയറിക്കൂടുകയായിരുന്നു. ഇതിന് പിന്നാലെ ഇന്‍സ്ട്രക്ടറെ അടക്കം ഭീഷണിപ്പെടുത്തി വിമാനത്തിന്റെ നിയന്ത്രണം ഇയാള്‍ കൈക്കലാക്കി. റണ്‍വേയ്ക്ക് വലം വച്ചും, തലങ്ങും വിലങ്ങും ഇയാള്‍ വിമാനം പറത്തിയതോടെ 9 വിമാനങ്ങളാണ് വഴി തിരിച്ച് വിടേണ്ടി വന്നത്. വ്യോമഗതാഗതം തടസപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നു ഇയാള്‍ക്ക് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിഷേധ സൂചകമായാണ് ഇയാള്‍ ഇത്തരത്തില്‍ വ്യോമഗതാഗതം തടസപ്പെടുത്തിയത് എന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്താണ് എന്നതിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

അഭ്യാസപ്രകടനം ഭീഷണിയായതോടെ നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് യുദ്ധവിമാനങ്ങൾ അയച്ചെങ്കിലും യുവാവ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. സ്വന്തം അഭിഭാഷകൻ തനിക്കില്ലെന്ന് യുവാവ് കോടതിയെ അറിയിക്കുകയും ചെയ്തു. പൂർണമായും അപ്രതീക്ഷിത കാര്യങ്ങളാണ് സംഭവിച്ചതെന്ന് ഫ്ലൈറ്റ് സ്കൂൾ ക്ലബ് പ്രസിഡന്റ് കോളിൻ വില്യംസൺ പറഞ്ഞു. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കനേഡിയൻ നിയമപ്രകാരം ഹൈജാക്കിങ് മാർഗത്തിൽ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചാൽ കടുത്ത ശിക്ഷയാകും കാത്തിരിക്കുന്നത്.

Content Highlight; Canadian Man Charged in Small Plane Hijacking Incident

dot image
To advertise here,contact us
dot image