
ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് 2013-ൽ സംവിധാനം ചെയ്ത ചിത്രമാണ് രാഞ്ഝണാ. സോനം കപൂർ നായികയായ ചിത്രം റിലീസ് ചെയ്ത് 12 വർഷങ്ങൾക്കുശേഷം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. സിനിമയിലെ ക്ലൈമാക്സിൽ മാറ്റം വരുത്തിയാണ് റീ റിലീസിന് എത്തുന്നത്. സിനിമയുടെ ഇപ്പോഴത്തെ ദുഃഖം നിറഞ്ഞ ക്ലൈമാക്സ് എ ഐയുടെ സഹായത്തോടെ മാറ്റി സന്തോഷം നിറഞ്ഞതാക്കിയാകും രാഞ്ഝണാ റീ റിലീസ് ചെയ്യുക. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ.
കഥയിൽ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നതിന് മുൻപ് നിർമാതാക്കളായ ഇറോസ് ഇന്റർനാഷണൽ തന്നോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സഹനിർമാതാവുകൂടിയായ ആനന്ദ് എൽ. റായ് പറഞ്ഞു. ഈ വിവരം രണ്ടുദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെയാണ് താൻ അറിഞ്ഞതെന്നും എന്തിനാണ് ആ ക്ലൈമാക്സ് മാറ്റുന്നതെന്ന് ചോദിച്ച് ആളുകൾ തനിക്ക് സന്ദേശങ്ങൾ അയക്കുണ്ടെന്നും സ്ക്രീനിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു. തനിക്കിത് ഉൾക്കൊള്ളാനേ കഴിയുന്നില്ലെന്നും ഇക്കാര്യം സംസാരിക്കാൻ നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ തന്റെ വാക്കുകൾ അവർ ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എനിക്കിത് മനസ്സിലാകുന്നില്ല. അവർക്കിത് എങ്ങനെ ചെയ്യാൻ കഴിയും? ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ക്ലൈമാക്സാണത്. സംവിധായകനെ കേൾക്കുന്നില്ലെങ്കിൽ, പ്രേക്ഷകരുടെയെങ്കിലും അഭിപ്രായം കേൾക്കണം. എന്താണ് ഒരു ശുഭപര്യവസാനം? അതൊരു ദുരന്തമാണ്, അതൊരു വികാരമാണ്. നിങ്ങൾക്ക് എങ്ങനെയാണ് വികാരങ്ങളെ തടസ്സപ്പെടുത്താൻ കഴിയുന്നത്? ആ സിനിമയുടെ ശബ്ദം ആ ക്ലൈമാക്സിലാണ്.
ഇതിൽ നിന്ന് ഞാൻ ഒരു പാഠം പഠിച്ചു . കരാറുകളിൽ ഒപ്പിടുമ്പോൾ ഞാൻ വളരെ ശ്രദ്ധാലുവായിരിക്കണം. ഒരു സ്റ്റുഡിയോക്ക് കഥയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. കുറച്ച് കോടികൾ സമ്പാദിക്കാൻ വേണ്ടി, അവർ ഒരു എഴുത്തുകാരന്റെയും സംവിധായകന്റെയും നടന്റെയും സൃഷ്ടിയെ തകർക്കുകയാണ്,' ആനന്ദ് എൽ റായ് പറഞ്ഞു.
'രാഞ്ഝണാ'യുടെ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത പുതിയ പതിപ്പ് തമിഴ്‌നാട് ആസ്ഥാനമായുള്ള വിതരണക്കാരായ അപ്‌സ്വിംഗ് എന്റർടൈൻമെന്റിന് വിറ്റതായി റിപ്പോർട്ടുണ്ട്. എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ പതിപ്പിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Director slams production company for using AI to change climax of Dhanush film