
ഓഫീസില്‍ അല്ലെങ്കില്‍ വീട്ടില്‍ അതുമല്ലെങ്കില്‍ കൂട്ടുകാര്‍ക്കിടയില്‍ എന്തെങ്കിലും സംസാരങ്ങള്‍ നടക്കുമ്പോള്‍ അവര്‍ പറഞ്ഞ എന്തെങ്കിലും വാക്കിന്റെ പിറകെ പോയി മനസ് വിഷമിക്കുന്നവരാണോ നിങ്ങള്‍. എന്നാലും അവന്‍ അല്ലെങ്കില്‍ അവള്‍ എന്നോടെന്തിനാണ് അങ്ങനെ പറഞ്ഞത്, പിന്നെ ആ പറഞ്ഞതിന് പിറകെ പോകലായി. അക്കാര്യത്തെക്കുറിച്ച് ഓര്‍ത്തിരുന്നും അതിന് വിശദീകരണം കൊടുത്തും ദിവസവും അതേക്കുറിച്ച് ചിന്തിച്ചും ഒക്കെ ഇരിക്കാറുണ്ട് ചിലരൊക്കെ. പക്ഷേ ഇത്തരം ചിന്തകളൊക്കെ ഒരു കാര്യവുമില്ലാതെ നിങ്ങളുടെ മാനസിക സന്തോഷം തകര്‍ക്കുന്നവയാണ്. നിങ്ങളോട് കാര്യങ്ങള്‍ പറഞ്ഞു എന്ന് പറയുന്ന ആളുകള്‍ അത് ഓര്‍ക്കുന്നതുപോലും ഉണ്ടാവില്ല. നിങ്ങള്‍ കാര്യങ്ങള്‍ വൈകാരികമായി എടുക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ജീവിതം വെല്ലുവിളികളും വിമര്‍ശനങ്ങളും നിഷേധാത്മകതയും നിറഞ്ഞതാണ്. എന്നാല്‍ ഒരാള്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവ എത്രത്തോളം ആരോഗ്യകരമായി മുന്നോട്ടുപോകുമെന്നുള്ളത്. നിങ്ങളുടെ സന്തോഷം നഷ്ടപ്പെടാതെ അവയെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് അറിയേണ്ടത്.
കാര്യങ്ങള്‍ വ്യക്തിപരമായി എടുക്കരുത്
മറ്റുള്ളവര്‍ ചുറ്റുപാടുമുള്ളവരോടോ അവര്‍ നില്‍ക്കുന്ന സാഹചര്യങ്ങളോടോ എങ്ങനെ പ്രതികരിക്കുന്നു എന്നത് പലപ്പോഴും അവരുടെ ആന്തരിക ചിന്തകളുടെയും വികാരങ്ങളുടെയും പ്രതികരണമാണ്. ഇക്കാര്യം മനസിലായാല്‍ മറ്റുളളവരുടെ വാക്കുകളെ ആ രീതിക്ക് വിട്ട് നിങ്ങളുടെ സമാധാനം സ്വയം നിയന്ത്രിക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയും.
സ്വയം സ്‌നേഹം തോന്നുക
നിങ്ങളുടെ സുഹൃത്തിനോടോ മാതാപിതാക്കളോടോ മക്കളോടോ ഒക്കെ സ്‌നേഹം തോന്നുന്നത് പോലെ നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ സ്വയം സ്‌നേഹവും ദയയും തോന്നുക. നിങ്ങള്‍ സ്വയം കുഴപ്പത്തിലാകുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉള്ളിലുളള വിമര്‍ശകനെ നിശബ്ദമാക്കുക. സ്വയം വിമര്‍ശിക്കാതിരുന്നാല്‍ത്തന്നെ പ്രശ്‌നങ്ങളില്‍നിന്ന് കരകയറാനും സന്തോഷത്തോടെയിരിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
കൃത്യമായ അതിരുകള്‍ നിശ്ചയിക്കുക
മറ്റുള്ളവരുമായി വൈകാരികമായും ശാരീരികമായും എവിടെയാണ് അതിര്‍ത്തി നിശ്ചയിക്കേണ്ടതെന്ന് തീരുമാനിക്കുക. ഇത് നിങ്ങളുടെ ഊര്‍ജവും മനസമാധാനവും സംരക്ഷിക്കാന്‍ സഹായിക്കും. എല്ലാവരുടെ മുന്നിലും തുറന്ന പുസ്തകമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്ന് മനസിലാക്കുക
എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന സത്യം മനസിലാക്കുക. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് മാനസികമായി നിങ്ങളെ തളര്‍ത്തിക്കളയും. സ്വന്തം കഴിവുകളില്‍ ആത്മവിശ്വാസം പുലര്‍ത്തുകയും നിങ്ങളുടെ രീതികള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇത് നിങ്ങളെ സന്തോഷത്തിലേക്ക് നയിക്കും.
സ്വന്തം മൂല്യം തിരിച്ചറിയുക
നിങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിങ്ങളുടെ മനസ് വ്യതിചലിക്കില്ല. നിങ്ങള്‍ നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നത് വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പോലും നിങ്ങളെ സഹായിക്കും. ഇത് നിങ്ങളെ പ്രതിരോധ ശേഷിയുള്ളവരാക്കാനും ജീവിത ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
നിരസിക്കലുകളെ സ്വീകരിക്കാന്‍ പഠിക്കുക
നിരസിക്കലുകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ നിരാശ തോന്നുന്നതിന് പകരം അവയെ ജീവിതത്തിലെ വഴിത്തിരിവുകളായി സ്വീകരിക്കണം. കാഴ്ചപ്പാടിലെ ഈ മാറ്റം നിങ്ങളെ വൈകാരികമായി കൂടുതല്‍ ശക്തരാക്കും
നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളോടൊപ്പം ചേരുക
നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍, കുടുംബം ഇവരെയൊക്കെ കൂടെനിര്‍ത്തുക.
പ്രതികരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക
ആരെങ്കിലും നിങ്ങളെ പ്രകോപിപ്പിക്കുമ്പോള്‍ അവരോട് പ്രതികരിക്കുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുക. അതല്ലാതെ എടുത്തടിച്ചതുപോലെ പ്രതികരിച്ചാല്‍ നിങ്ങള്‍ മാനസികമായി തകര്‍ന്നപോകും. പകരം ശാന്തമായി പ്രതികരിക്കാന്‍ ശീലിക്കുക.
Content Highlights :Are you the type of person who takes things personally when someone says something?