'മികച്ച അഭിനയത്തിനുള്ള അവാർഡ് മന്ത്രിക്ക് നൽകണം, എല്ലാം പിണറായി-ഷംസീർ തിരക്കഥ'; കെ മുരളീധരൻ

ഷംസീർ ഡിവൈഎഫ്ഐ നേതാവിന്റെ സ്വഭാവം കാണിക്കരുത് എന്നും മുരളീധരൻ

'മികച്ച അഭിനയത്തിനുള്ള അവാർഡ് മന്ത്രിക്ക് നൽകണം, എല്ലാം പിണറായി-ഷംസീർ തിരക്കഥ'; കെ മുരളീധരൻ
dot image

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അതിക്രമത്തിനിരയായ ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ. മന്ത്രിയാണ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോയത് എന്നും സ്റ്റേഷനിൽ കണ്ടത് പിണറായി- ഷംസീർ തിരക്കഥയാണെന്നും മുരളീധരൻ പറഞ്ഞു. പുതിയ ആൾ വരുന്നത് വരെ സ്പീക്കറുടെ കസേരയിലിരിക്കേണ്ട ആളാണ് ഷംസീർ. അദ്ദേഹം ഡിവൈഎഫ്ഐ നേതാവിന്റെ സ്വഭാവം കാണിക്കരുത് എന്നും മുരളീധരൻ പറഞ്ഞു.

മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് പോലും തിരക്കഥയുടെ ഭാഗമാണെന്ന് മുരളീധരൻ ആരോപിച്ചു. പാർട്ടി ഓഫീസ് പോലെയാണ് ഇപ്പോൾ പരിയാരം മെഡിക്കൽ കോളജ് എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിദഗ്ധ ഡോക്ടർമാരെത്തി മന്ത്രിയുടെ പരിക്ക് പരിശോധിക്കണമെന്നും അതാകുമ്പോൾ ആർക്കും പേരുദോഷം ഉണ്ടാകില്ല എന്നും മുരളീധരൻ പരിഹസിച്ചു.

ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ചിരിച്ചയാൾക്ക് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ എങ്ങനെയാണ് കഴുത്തിന് പരിക്ക് പറ്റിയത് എന്നും ഷംസീറിനോട് കാര്യം പറഞ്ഞ് മുഖ്യമന്ത്രിയെ വിളിക്കുന്നതോടെയാണ് പെട്ടെന്ന് കഴുത്തുവേദന വന്നതെന്നും മുരളീധരൻ പറഞ്ഞു. ആ സമയത്തുതന്നെയാണ് കേരളത്തിന്റെ പല ഭാഗത്തും കലാപമുണ്ടാകുന്നത്. കോൺഗ്രസ് സ്വാഗതസംഘം ഓഫീസുകൾ വരെ അടിച്ചുതകർത്തു. താൻ വിളിച്ചിട്ട് ഒരു പൊലീസ് പോലും എത്തിയില്ല എന്നും മുരളീധരൻ ആരോപിച്ചു.

പരിക്ക് പറ്റിയ സംഭവത്തിൽ മന്ത്രിക്ക് മികച്ച അഭിനയത്തിലുള്ള അവാർഡ് നൽകണമെന്നും മുരളീധരൻ പരിഹസിച്ചു. മുൻപ് മോണോ ആക്ടിന് അവാർഡ് കിട്ടിയതിന്റെ റിഹേഴ്സൽ ആയിരിക്കുമിത്. വാർത്ത വായിക്കുന്നത് പോലെ വീണാ ജോർജ് അഭിനയത്തിലും മിടുക്കിയാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വീണാ ജോർജിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. പരിക്ക് ഗുരുതരമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.

11 അംഗങ്ങള്‍ അടങ്ങിയ ടീമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, മെഡിസിന്‍, ഇഎന്‍ടി വിഭാഗം മേധാവിമാരും മെഡിക്കല്‍ ബോര്‍ഡിലുണ്ട്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ എന്നിവരും അടങ്ങിയ മെഡിക്കല്‍ ടീമാണ് യോഗം ചേര്‍ന്നത്. വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ ഒരു മണിയോടെ പുറത്തിറക്കും.

അതേസമയം ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതല്ലാതെ ആക്രമിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വം. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ പാരിതോഷികം നല്‍കുമെന്നും സംഘടന വെല്ലുവിളിക്കുന്നു.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആര്‍പിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.

Content Highlights: Senior Congress leader K Muraleedharan sharply criticized Kerala Health Minister Veena George over the alleged incident at Kannur Railway Station. Muraleedharan claimed that the minister herself approached KSU activists during the protest and alleged that the events witnessed at the station were part of a scripted narrative by Chief Minister Pinarayi Vijayan and Speaker A M Shamseer.

dot image
To advertise here,contact us
dot image