
ഇന്ത്യാ - പാക്ക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധകള്‍ കര്‍ശനമാക്കി. യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) ആണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ശരീര പരിശോധനയും തിരിച്ചറിയല്‍ രേഖകളുടെ പരിശോധനയും നിര്‍ബന്ധമായും ഉണ്ടാകും. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഉണ്ടാകും.
വിമാനത്താവളത്തിനകത്തേക്കുള്ള പ്രവേശന സമയത്തും അകത്ത് കടന്നതിന് ശേഷവും ഉള്ള സുരക്ഷാപരിശോധനകള്‍ക്ക് പുറമേ ' സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക്( എസ് എല്‍ പി സി) കൂടിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലും എല്ലാ വിമാനത്താവളങ്ങളിലും പരിശോധന നടപടികള്‍ കര്‍ശനമാക്കി.
ഇതുപ്രകാരം ബോര്‍ഡിങ് ഗേറ്റിന് സമീപം ഒരിക്കല്‍കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ബാഗുകളും അടക്കം ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് വിശദമായി പരിശോധനയുണ്ടാകും. ഈ പരിശോധനകള്‍ക്ക് ശേഷമേ വിമാനത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂ. എല്ലാ വിമാനത്താവളങ്ങളിലും 100 ശതമാനം സിസിടിവി കവറേജും ഉറപ്പാക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3 മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ എത്തിച്ചേരേണ്ടതാണെന്ന് എയര്‍ ഇന്ത്യ അടക്കം പല വിമാനകമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് നടപടി. പാക് അതിര്‍ത്തിയോട് ചേര്‍ന്നവയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ സേന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചു. ചിലത് മെയ് 10 വരെയും മറ്റ് ചിലത് അനിശ്ചിത കാലത്തേക്കുമാണ് അടച്ചത്. ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, ഭന്തര്‍, കിഷന്‍ഗഡ്, പട്ട്യാല, ഷിംല. കന്‍ഗ്ര-ഗഗ്ഗാല്‍, ഭട്ടീന്ദ, ജയ്സാല്‍മര്‍, ജോദ്പുര്‍, ബിക്കാനെര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗര്‍, ഹിരാസര്‍ (രാജ്കോട്ട്), പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്.
Content Highlights :Security checks at airports in the country in the wake of India-Pakistan tensions