

ആലപ്പുഴ: കെഎസ്‌യു ആരോഗ്യമന്ത്രിയെ ആക്രമിച്ചു എന്ന പച്ചക്കള്ളം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ പേരില്‍ സംസ്ഥാനത്താകെ സിപിഐഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വീണാ ജോര്‍ജിന്റെ അടുത്ത് പോലും പ്രതിഷേധക്കാര്‍ എത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. നാലോ അഞ്ചോ പ്രതിഷേധക്കാരാണ് ആകെ ഉണ്ടായിരുന്നത്. അവരെ അപ്പോള്‍ തന്നെ പൊലീസ് കൊണ്ടുപോവുകയും ചെയ്തു. അവിടെ പിടിവലിയുണ്ടായത് പൊലീസും വീണാ ജോര്‍ജും തമ്മിലാണ്. ഇതിന്റെയെല്ലാം തെളിവുകളുണ്ട്. ആരോഗ്യമന്ത്രി അടുത്ത പ്ലാറ്റ്‌ഫോം വരെ ഒരു കുഴപ്പവുമില്ലാതെ നടന്നു പോയി. അവിടെ ചെന്ന് സ്പീക്കറുമായി കൂടിയാലോചിച്ചാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുണ്ടാക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വി ഡി സതീശന്‍ പ്രതികരണം.
കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയെ ഉപദ്രവിച്ചിട്ടില്ല എന്നതിന്റെ തെളിവ് പൊതുസമക്ഷത്തിലുണ്ട്. വീണാ ജോര്‍ജ് തട്ടിവിട്ട ഒരു കള്ളത്തിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് ഓഫീസും ആക്രമിക്കുകയും പുതുയുഗ യാത്രയുടെ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്യുകയാണ്. ഇല്ലാത്ത ഒരു പച്ചക്കള്ള കഥയുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ആരോഗ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു പരിഹാസ പാത്രമായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാരിനെതിരെ നടക്കുന്ന വിഷയങ്ങളെ വഴിതിരിച്ച് വിടാന്‍ നടത്തിയ ഗൂഢാലോചനയാണ് ഇതെല്ലാം. എന്നാല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആരോഗ്യമന്ത്രിയാണ്. ഇതുകൊണ്ടൊന്നും രക്ഷപ്പെടാനാവില്ല. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ആടിനെ പേപ്പട്ടിയാക്കി അക്രമം അഴിച്ചുവിടുകയാണ് സിപിഐഎം ചെയ്യുന്നത്. അത് കണ്ട് കോണ്‍ഗ്രസ് ഭയന്ന് പോകുമെന്ന് ആരും കരുതേണ്ട. ഇത് കണ്ട് ഭയക്കില്ല, ജനകീയമായ പ്രതിഷേധങ്ങള്‍ ഇനിയും നടത്തുമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.
എം വി ഗോവിന്ദനെ പോലെ പച്ചക്കള്ളം പറയുന്ന മറ്റാരുമില്ല. കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുടെ പെടലി തിരിച്ചു എന്ന പച്ചക്കള്ളമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. അണികളെ പ്രകോപിപ്പിക്കാനാണ് ഇത്തരം കള്ളങ്ങള്‍ പറയുന്നത്. പ്രകോപിതയായ ആരോഗ്യമന്ത്രിയെ തടുത്ത് നിര്‍ത്തുന്നത് പൊലീസുകാരാണെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും. പാര്‍ട്ടി സെക്രട്ടറി പച്ചയ്ക്ക് കള്ളം പറയുന്നത് കേട്ട് ഞെട്ടിപ്പോയി. ആ പദവിയിലിരിക്കാന്‍ പോലും അദ്ദേഹം അര്‍ഹനല്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആർപിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകൾ എല്ലാം പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്.
എന്നാൽ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്ഐആറിൽ ഉള്ളത്. . 'കൊല്ലെടാ' എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും വ്യപകമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചത്. കണ്ണൂരിൽ ഡിസിസി ഓഫീസിനു നേരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഓഫീസിലേക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ വ്യാപകമായി രാഷ്ട്രീയസംഘർഷമുണ്ടായി.
Content Highlight; VD Satheesan says that the Health Minister was attacked and that she is spreading lies