ബോറടി മാറ്റാന്‍ AI ഉപയോഗിച്ച് യുവതിയുടെ പേരില്‍ വ്യാജ ബംബിള്‍ അക്കൗണ്ട്; പിന്നീട് സംഭവിച്ചത്

പിന്നീട് എന്താണ് സംഭവിച്ചതെന്നും ഇയാള്‍ വിശദീകരിക്കുന്നുണ്ട്

dot image

നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം വിപ്ലവകരമായ നിരവധി മാറ്റങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എഐ ഇന്ന് പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ജോലിപരമായ സംശയങ്ങള്‍ മുതല്‍ ആരോഗ്യകാര്യങ്ങള്‍ക്ക് വരെ എഐയോട് സംശയം ചോദിക്കുന്നവരുണ്ട്. ഇപ്പോള്‍ ബോറടി മാറ്റാന്‍ എഐ ചാറ്റ് ബോട്ടായ ചാറ്റ്ജിപിടി എങ്ങനെയാണ് ഉപയോഗിച്ചതെന്നാണ് ഒരു യുവാവ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഒരു യുവതിയുടെ ചിത്രം നിര്‍മ്മിക്കാന്‍ താന്‍ എഐയോട് ആവശ്യപ്പെട്ടെന്നും ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ബംബിള്‍ പ്രൊഫൈല്‍ ഉണ്ടാക്കിയെന്നുമാണ് യുവാവ് കുറിച്ചത്. പിന്നീട് എന്താണ് സംഭവിച്ചതെന്നും ഇയാള്‍ വിശദീകരിക്കുന്നുണ്ട്.

ഓപ്പണ്‍എഐയുടെ പുതിയ GPT-4o ഇമേജ് ജനറേഷന്‍ ടൂള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഒരു സ്ത്രീയുടെ ചിത്രം നിര്‍മ്മിച്ചത്. അള്‍ട്രാ-റിയലിസ്റ്റിക് ചിത്രം നിര്‍മ്മിക്കാനാണ് എഐ ബോട്ടിനോട് ആവശ്യപ്പെട്ടത്. തുടർന്ന് ബെംഗളൂരുവിലുള്ള ഒരു സ്ത്രീയുടേതെന്ന പേരില്‍ യുവാവ് ബംബിള്‍ പ്രൊഫൈല്‍ ഉണ്ടാക്കുകയായിരുന്നു.

പ്രൊഫൈല്‍ ഉണ്ടാക്കി രണ്ട് മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലിന് 2700 ലൈക്കുകളും നൂറോളം റൈറ്റ് സ്‌വൈപ്പുകളും അടക്കം ലഭിച്ചുവെന്ന് യുവാവ് പറയുന്നു. ഡേറ്റിനായി നിരവധി പേരാണ് തന്നെ ക്ഷണിച്ചതെന്നും പുരുഷന്മാരുടെ ഏകാന്തത ഒരു വലിയ വിഷയമാണെന്നുമാണ് പരിഹസിച്ചുകൊണ്ട് യുവാവ് പറയുന്നത്.

വ്യാജ പ്രൊഫൈല്‍ കണ്ടെത്താന്‍ ബംബിളിന് 12 മണിക്കൂര്‍ വേണ്ടി വന്നു. തുടര്‍ന്ന് അക്കൗണ്ട് റിമൂവ് ചെയ്യുകയായിരുന്നു. താന്‍ ഉപയോഗിച്ച എഐ ഇമേജും പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ടുകളുമടക്കം പങ്കുവെച്ചാണ് യുവാവിന്റെ കുറിപ്പ്. ഈ കാലത്ത് എത്ര എളുപ്പത്തില്‍ ആളുകളെ പറ്റിക്കാമെന്നതിന്റെ തെളിവാണിതെന്നാണ് യുവാവിന്റെ പോസ്റ്റ് പങ്കുവെച്ച് ചിലര്‍ കുറിച്ചത്.

Content Highlights: Man Uses AI To Create Fake Bumble Profile Of Woman, Then This Happens

dot image
To advertise here,contact us
dot image