

ഓരോ കാലത്തും പല തരത്തിലുള്ള സൗന്ദര്യ വർധക വസ്തുക്കൾ ട്രെൻഡിങ്ങാകാറുണ്ട്. അടുക്കളയിലെ പല വസ്തുക്കളും അന്നും ഇന്നും ചർമ സംരക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ കണ്ണുതള്ളി പോകുന്ന ചില വസ്തുക്കളും സ്‌കിൻ കെയർ റുട്ടീനിലേക്ക് സർപ്രൈസ് എൻട്രി നടത്താറുണ്ട്.അങ്ങനെ ഏവരും അതിശയപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്ന പുതിയ ചർമ സംരക്ഷണ ഉപാധിയാണ് മെൻസുട്രൽ മാസ്‌ക്. പേര് സൂചിപ്പിക്കും പോലെ തന്നെ ആർത്തവ രക്തം കൊണ്ടുള്ള ഒരു മാസ്‌ക് ആണിത്.

സ്വന്തം ആർത്തവ രക്തം എടുത്ത് മുഖത്ത് പുരട്ടുന്നതാണ് ഈ മെൻസുട്രൽ മാസ്‌കിൽ ചെയ്യുന്നത്. ആർത്തവ രക്തത്തിൽ സ്‌റ്റെം സെല്ലുകളും, സൈറ്റോകൈൻസും പ്രോട്ടീനും അടങ്ങിയിട്ടുണ്ടെന്നും ഇവ ചർമത്തിന് ഉന്മേഷം നൽകുന്നു എന്നുമാണ് മെൻസുട്രൽ മാസ്‌കിന്റെ പ്രചാരകരുടെ വാദം. മുറിവുകൾ ഉണങ്ങാനും ടിഷ്യൂസിലെ പ്രശ്‌നങ്ങൾ മാറ്റാനും ആർത്തവ രക്തം സഹായിക്കുമെന്ന് ചില പരീക്ഷണ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എഫ്എഎസ്ഇബി(ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഫോർ എക്‌സ്പിരിമെന്റൽ ബയോളജി) ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്.

ഇവർ നടത്തിയ പരീക്ഷണത്തിൽ ആർത്തവ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ മുറിവുകൾ നൂറ് ശതമാനവും ഉണങ്ങി ഭേദമായെന്നാണ് കണ്ടെത്തിയത്. സാധാരണ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചപ്പോൾ 40 ശതമാനം മാത്രമാണ് മുറിവ് ഉണങ്ങിയത്. ആർത്തവരക്തത്തിൽ അടങ്ങിയിട്ടുള്ള പ്രത്യുൽപാദന ഘടകങ്ങളാണ് ഇങ്ങനെ മുറിവുണങ്ങാനും പുനരുജ്ജീവനത്തിനും സഹായിക്കുന്നതെന്നാണ് കരുതുന്നത്. ആർത്തവരക്തത്തിൽ നിന്നും വേർത്തിരിച്ചെടുക്കുന്ന സ്റ്റെം സെൽസിൽ കൊളാജിൻ അടങ്ങിയിട്ടുണ്ട്. കൊളാജിൻ മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്.
എന്നാൽ ഇത്തരത്തിലുള്ള അപൂർവ പഠനങ്ങളല്ലാതെ ആർത്തവരക്തം ചർമ സംരക്ഷണത്തിനായി ഉപയോഗിക്കാമോ എന്നതിന് ശാസ്ത്രീയമായി കൃത്യമായ ഉത്തരങ്ങൾ കണ്ടെത്തിയിട്ടില്ല. മാത്രമല്ല ആരോഗ്യരംഗത്തെ വിദഗ്ധർ ആർത്തവ രക്തം നേരിട്ട് മുഖത്തും മറ്റും പുരട്ടുന്നതിലെ അപകടങ്ങളെ കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടും ഉണ്ട്.
ആർത്തവ രക്തത്തിൽ സ്റ്റഫൈലോകോക്കസ് അവേറിയസ് (Staphylococcus auresu) എന്നതടക്കം പല തരത്തിലുള്ള ബാക്ടീരിയകളും ഫംഗിങ്ങളും ഉണ്ട്. സ്റ്റഫൈലോകോക്കസ് സാധാരണയായി ചർമത്തിൽ കാണപ്പെടുന്ന സൂക്ഷ്മാണു ആണെങ്കിലും ഇത് മുറിവിലും മറ്റും പ്രവേശിച്ചാൽ അണുബാധയായി മാറിയേക്കാം. ലൈംഗികമായി പകരുന്ന അണുബാധകളും (STD - Sexually Transmitted Infection) ആർത്തവ രക്തത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ യാതൊരു മേൽനോട്ടമോ നിയന്ത്രണമോ ഇല്ലാതെ ആർത്തവ രക്തം മാസ്‌കായി ഉപയോഗിക്കുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുമെന്നാണ് ഇവർ പറയുന്നത്. വിദേശരാജ്യങ്ങളിലെ പെൺകുട്ടികൾക്കിടയിലാണ് ഇവ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാകുന്നുണ്ട്.
Content Highlights: What is Menstrual Mask