രത്തനോട് പ്രണയിനി 'ടാറ്റ' പറഞ്ഞു; ഒരു യുദ്ധം തോൽപ്പിച്ച പ്രണയകഥ

നഷ്ടപ്രണയം തീരാനോവായി രത്തനൊപ്പം കൂടി. ജീവിതകാലം മുഴുവൻ രത്തൻ അവിവാഹിതനായി തുടർന്നു

രത്തനോട് പ്രണയിനി 'ടാറ്റ' പറഞ്ഞു; ഒരു യുദ്ധം തോൽപ്പിച്ച പ്രണയകഥ
dot image

രത്തന്‍ ടാറ്റയുടെ മരണത്തോടെ ഇന്ത്യന്‍ വ്യവസായ രംഗത്തെ ഒരു ഇതിഹാസമാണ് വിട പറഞ്ഞിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിനെ ആഗോള കമ്പനിയാക്കി വളർത്തിയ രത്തൻ ടാറ്റയുടെ നേതൃപാടവം ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ട് കഴിഞ്ഞതാണ്. ലോക വിപണിയെ ലക്ഷ്യമാക്കി ടാറ്റയെ കൈപിടിച്ചുയർത്തിയ രത്തൻ ടാറ്റയുടെ വ്യക്തി ജീവിതം വേദനിപ്പിക്കുന്ന നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോയിരുന്നു. 1937 ഡിസംബര്‍ 28-നാണ് നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി രത്തന്റെ ജനനം. രത്തന് 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. മാതാപിതാക്കളുടെ സ്നേഹം പിന്നീട് പകർന്ന് നൽകിയത് മുത്തശ്ശി നവജ്ബായിയായിരുന്നു. അവരായിരുന്നു കുട്ടിയായിരുന്ന രത്തന്റെ ജീവിതത്തിലെ എല്ലാമെല്ലാം.

മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളിലായിരുന്നു പഠനം. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിന് അമേരിക്കയില്‍ പോയ രത്തന്‍ ജോലിയും പഠനവുമെന്ന രീതിയാണ് സ്വീകരിച്ചത്. ലൊസാഞ്ചലസില്‍ ചെയ്യാവുന്ന ജോലികളൊക്കെ രത്തൻ ചെയ്തു. ഇതിനിടെ ഒരു പ്രണയവും ജീവിതത്തിലേയ്ക്ക് കടന്നുവന്നു. മുത്തശ്ശിയുടെ ആരോഗ്യം മോശമായതോടെയാണ് അമേരിക്കന്‍ വാസം അവസാനിപ്പിച്ച് രത്തന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പ്രണയിനി പിന്നാലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നില്ല. 1962 ലെ ഇന്ത്യ-ചൈന യുദ്ധമാണ് രത്തന്റെ വിവാഹജീവിതത്തില്‍ വില്ലനായത്. ഇന്ത്യയിലേക്ക് ഇല്ലെന്ന് കാമുകി തീര്‍ത്തു പറഞ്ഞു. രത്തനാകട്ടെ അമേരിക്കയിലേക്ക് തിരികെ പോകാനും കഴിയുമായിരുന്നില്ല. അതോടെ ഇരുവരും തങ്ങളുടെ പ്രണയസ്വപ്നങ്ങള്‍ ഉപേക്ഷിച്ച് പിന്‍മാറി. ഇതോടെ രത്തൻ്റെ പ്രണയിനി മറ്റൊരാളുടേതായി മാറി. ഈ ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ യുവാവായിരുന്ന രത്തന് അന്ന് കഴിഞ്ഞില്ല. ആ നഷ്ടപ്രണയം തീരാനോവായി രത്തനൊപ്പം കൂടി. ജീവിതകാലം മുഴുവൻ രത്തൻ അവിവാഹിതനായി തുടർന്നു.

'അവള്‍ അവിടെത്തന്നെ ഒരാളെ വിവാഹം കഴിച്ചു. ഞാന്‍ പിന്നെ വിവാഹം കഴിച്ചുമില്ല'. തന്റെ നഷ്ടപ്രണയത്തെപ്പറ്റി രത്തന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കമ്പനികളുടെ തലവനായിരുന്ന രത്തൻ ടാറ്റയ്ക്ക് പിന്തുടര്‍ച്ചാവകശികളില്ലായിരുന്നു. ഒറ്റപ്പെടല്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നും രത്തൻ ടാറ്റ പിന്നീട് പറഞ്ഞിരുന്നു. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. 1962-ല്‍ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചു. ടാറ്റയെന്ന തന്റെ പരമ്പരാഗത ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ചയായിരുന്നു പിന്നീട് രത്തന്‍ ടാറ്റയുടെ ശ്രദ്ധ. 1991ലാണ് ജെആര്‍ഡി ടാറ്റയില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കുന്നത്.

എഴുപതുകളിലും എണ്‍പതുകളിലും സിനിമകളില്‍ സജീവമായിരുന്ന സിമി ഗരേവാളുമായി രത്തന്‍ ടാറ്റയ്ക്ക് അടുപ്പമുണ്ടായെങ്കിലും അത് വിവാഹത്തിലെത്തിയില്ല. മറ്റു ഘട്ടങ്ങളിലും വിവാഹത്തെപ്പറ്റി ചിന്തിച്ചെങ്കിലും അവിവാഹിതനായി തന്നെ താന്‍ തുടരുകയായിരുന്നുവെന്ന് രത്തന്‍ ടാറ്റ തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ സിമി ഗരോവളുമായി നല്ലൊരു സൗഹൃദബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യങ്ങള്‍ പങ്കുവെക്കാന്‍ മാത്രം അടുത്ത ബന്ധമാണ് സിമി ഗാരേവാളും രത്തന്‍ ടാറ്റയും തമ്മിലുണ്ടായിരുന്നത്.

dot image
To advertise here,contact us
dot image