

തമിഴകത്തിന്റെ പ്രിയതാരമാണ് അജിത്കുമാർ. നടന്റേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം തമിഴ്നാട്ടിൽ വലിയ ഓപ്പണിംഗും കളക്ഷനും ലഭിക്കാറുണ്ട്. എന്നാൽ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് ശേഷം അജിത്തിന്റേതായി ഇതുവരെ സിനിമകൾ ഒന്നും പുറത്തുവന്നിട്ടില്ല. എന്തുകൊണ്ടാണ് അദ്ദേഹം അജിത് പുതിയ ചിത്രങ്ങൾ പ്രഖ്യാപിക്കാത്തത് എന്ന ചർച്ച ആരാധകർക്കിടയിൽ പുരോഗമിക്കുമ്പോൾ തമിഴിലെ പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യത്തിന്റെ ഒരു പരാമർശം ശ്രദ്ധ നേടുകയാണ്.
ഉയർന്ന പ്രതിഫലം കാരണമാണ് അജിത്തിന്റേതായി പുതിയ സിനിമകൾ ഒന്നും പുറത്തുവരാത്തതിന് കാരണം എന്നാണ് തിരുപ്പൂർ സുബ്രഹ്മണ്യം പറയുന്നത്. തമിഴ് സിനിമാ വ്യവസായത്തിന് നിലവിൽ നൽകാൻ കഴിയുന്നതിലും ഉയർന്ന പ്രതിഫലമാണ് അജിത് കുമാർ ആവശ്യപ്പെടുന്നത്. നിലവിൽ അജിത്തിന്റെ പ്രതിഫലം തമിഴ്നാട്ടിലെ നിർമാതാക്കൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. നിലവിൽ, റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റർടൈൻമെന്റ്സ്, സൺ പിക്ചേഴ്സ്, വെൽസ് എന്റർടൈൻമെന്റ്സ് എന്നിവർ നിർമിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പക്ഷേ അവർക്ക് അത്തരം വലിയ റിസ്കുകൾ എടുക്കാൻ താൽപ്പര്യമില്ലെന്നും അവർ ലാഭവിഹിതം പങ്കുവെക്കുന്ന രീതിയാണ് താത്പര്യപ്പെടുന്നതെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി. 110 മുതൽ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം.
ആദിക് രവിചന്ദ്രൻ ഒരുക്കിയ ഗുഡ് ബാഡ് അഗ്ലി ആണ് അവസാനം തിയേറ്ററിലെത്തിയ അജിത് ചിത്രം. ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights: A distributor has claimed that the rising remuneration associated with Ajith Kumar is affecting the commercial viability of his films. The remarks have triggered discussions about production costs, distribution economics, and the financial pressures facing big-budget projects in the Tamil film industry. The comments have reignited the broader debate on star salaries and profitability in cinema.