

ഗര്ഭകാലത്തോ പ്രസവം കഴിഞ്ഞ് ഒരു വര്ഷത്തിനുള്ളിലോ സ്തനാര്ബുദം (pregnancy associated breast cancer) കണ്ടെത്തുന്നത് വളരെ അപൂര്വമാണ്. 3000 ഗര്ഭിണികളില് ഒരാള്ക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുള്ളുവെന്നാണ് അമേരിക്കന് കാന്സര് സൊസൈറ്റി പറയുന്നത്. ഗര്ഭാവസ്ഥയില് ഹോര്മോണ് വ്യതിയാനം ഉള്പ്പെടെയുള്ള മാറ്റങ്ങള് മൂലം സ്തനങ്ങളിലും പല മാറ്റങ്ങളും സംഭവിക്കും. ഇക്കാരണത്താല് സ്താനാര്ബുദത്തിന്റെ ലക്ഷണങ്ങളെ ഗര്ഭാവസ്ഥയിലുള്ള മാറ്റമായി തെറ്റിദ്ധരിക്കപ്പെടാം. സ്തനത്തിലുണ്ടാകുന്ന മുഴ പോലും ഇത്തരത്തില് ശ്രദ്ധിക്കാതെ പോകാം. അതിനാല് ഗര്ഭാവസ്ഥയില് സ്തനാര്ബുദം കണ്ടെത്തുക എന്നത് വളരെ ദുഷ്കരമാണെന്ന് നാഷണല് കാന്സര് ഇന്സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്ട്ടിലും വ്യക്തമാക്കുന്നു.
അപ്പോൾ ഗര്ഭകാലത്തിന് ശേഷം ഈ അവസ്ഥ കണ്ടെത്താന് കഴിയുമോ എന്നൊരു ചോദ്യം മനസില് വരാം. ആ സംശയത്തിന് മറുപടി നൽകുകയാണ് കണ്സള്ട്ടന്റ് സര്ജിക്കല് ഓംകോളജിസ്റ്റ് ഡോ മഹാവീര് തഡയ്യ. ഗര്ഭകാലത്തിന് ശേഷം സ്തനാര്ബുദം കണ്ടെത്തുന്നത് വളരെ ദുഷ്കരമാണെന്നാണ് ഡോക്ടര് പറയുന്നത്. സ്തനങ്ങളിലെ മാറ്റങ്ങള് ശ്രദ്ധയില്പ്പെട്ടാല് എന്ത് ചെയ്യണമെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഡോക്ടര് വിശദീകരിക്കുന്നു.
ഗര്ഭകാലത്തിന് ശേഷം, പ്രത്യേകിച്ച് സ്ത്രീകള് മുലയൂട്ടുന്ന സമയം സ്തനാര്ബുദം കണ്ടെത്തുക ദുഷ്കരമാണെന്ന് ഡോ മഹാവീര് പറയുന്നു. ഹോര്മോണ് വ്യതിയാനത്തെ തന്നെയാണ് ഇതിന് കാരണായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ സമയങ്ങളില് സ്തനത്തിന് വലിപ്പവും കട്ടിയും കൂടും. ചിലപ്പോള് മുഴയുള്ളതായോ വേദനയോ അനുഭവപ്പെട്ടേക്കാം. എന്നാല് സാധാരണയായി വരുന്ന മാറ്റങ്ങളാണെന്ന ധാരണയില് മുഴയുടെ സാന്നിധ്യം ശ്രദ്ധയില്പ്പെടാതെ പോകാമെന്ന് ഡോക്ടര് പറയുന്നു. പല സ്ത്രീകളും മുലയൂട്ടലിന്റെ ഭാഗമായുള്ള വേദനയും മാറ്റങ്ങളുമാകാം ഇതെന്നും ചിന്തിക്കാന് സാധ്യതയുണ്ട്. ഇക്കാരണത്താല് ഒരു ഡോക്ടറുടെ ഉപദേശം തേടാന് വൈകുന്നത് കാര്യങ്ങള് കൂടുതല് സങ്കീര്ണമാകാന് കാരണമാകുമെന്ന മുന്നറിയിപ്പും ഡോക്ടര് നല്കുന്നു.
ഗര്ഭകാലത്തിന് ശേഷവും മുലയൂട്ടുന്ന സമയവും സ്തനങ്ങള്ക്ക് ഉണ്ടാകുന്ന ഭൂരിഭാഗം മാറ്റങ്ങളും ദോഷകരമല്ല. എന്നാല് പുതിയതായോ അല്ലെങ്കില് നീണ്ടുനില്ക്കുന്നതോ ആയ അസാധാരണമായ ചില ലക്ഷണങ്ങള് ശ്രദ്ധയില്പ്പെട്ടാല് അത് ശ്രദ്ധിക്കണമെന്ന് ഡോക്ടര് പറയുന്നു. ദീര്ഘകാലമായി സ്തനങ്ങളില് കാണപ്പെടുന്ന മുഴ, സ്തനത്തിന്റെ രൂപത്തിലോ വലിപ്പത്തിലോ ഉണ്ടാകുന്ന മാറ്റം, ചര്മത്തിലെ മാറ്റം, നിപ്പിളുകള് ഉള്ളിലേക്ക് പോകുന്ന അവസ്ഥ, ഇവയില് നിന്നുള്ള അസാധാരണമായ ശ്രവം, സ്തനത്തിന് ചുറ്റുമുള്ള ഇടങ്ങളില് അനുഭവപ്പെടുന്ന മാറ്റം എന്നിവ ശ്രദ്ധിക്കണമെന്ന് ഡോ മഹാവീര് പറയുന്നു.
ഗര്ഭകാലത്തും മുലയൂട്ടുന്ന സമയങ്ങളിലും അള്ട്രാസൗണ്ട്, മാമോഗ്രാം എന്നിവ നടത്താമെന്നും മാറ്റങ്ങള് കണ്ടാല് ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. അതേസമയം ഇത്തരം മാറ്റങ്ങള് കാണുമ്പോള് ഭയപ്പെടരുതെന്നും അദ്ദേഹം പറയുന്നു. ഇവയെ തള്ളിക്കളയാതെ ഒരു ഡോക്ടറുടെ ഉപദേശം തേടുകയാണ് ചെയ്യണ്ടതെന്നും അദ്ദേഹം ഓര്മിപ്പിക്കുന്നു.
(ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഇത് വിദഗ്ധരായ ഡോക്ടര്മാരുടെ ഉപദേശത്തിന് പകരമാവില്ല. ഏതെങ്കിലും ആരോഗ്യപ്രശ്നത്തെക്കുറിച്ച് സംശയങ്ങളുണ്ടെങ്കില് എപ്പോഴും ഡോക്ടറുടെ ഉപദേശം തേടുക.)
Content Highlights: A surgical oncologist discusses the challenges of detecting breast cancer during pregnancy and after childbirth. Pregnancy-related breast changes can make lumps harder to identify and may delay diagnosis