

റാം രചനയും സംവിധാനവും നിർവഹിക്കുന്ന 'യേഴു കടൽ യേഴു മലൈ' ട്രെയ്‌ലർ പുറത്തിറങ്ങി. പുതിയതായി പുറത്തു വന്ന റിലീസ് ട്രെയ്‌ലർ ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള കൂടുതൽ സൂചനയാണ് നൽകുന്നത്. ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്‌ലർ മുന്നോട്ട് പോകുന്നത്. ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ് ഇത്.
8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്‌ലർ, ടീസർ എന്നിവ നൽകുന്ന സൂചന. ഒരു ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തിയറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നിർമ്മാതാവ്:സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം:യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം:എൻ. കെ. ഏകാംബരം, എഡിറ്റിംഗ്:മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ:മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ: സ്റ്റണ്ട് സിൽവ.
Content Highlights: Nivin Pauly-Ram movie Yezhu Kadal Yezhu Malai trailer out