നാരങ്ങാവെള്ളം കുടിക്കുമ്പോഴും ശ്രദ്ധിക്കണോ?; ശ്രദ്ധിച്ചില്ലെങ്കില്‍ നാരങ്ങാവെള്ളം ഗുണത്തേക്കാള്‍ ദോഷം ചെയ്യും

നാരങ്ങാവെള്ളം ആരൊക്കെ കുടിക്കരുത്, എന്തൊക്കെ ദോഷമാണുള്ളത് എന്ന് അറിയാമോ? നാരാങ്ങാവെള്ളം കുടിക്കുന്നതിന് ചില രീതികളൊക്കെ ഉണ്ടെന്ന് അറിയാമോ?

നാരങ്ങാവെള്ളം കുടിക്കുമ്പോഴും ശ്രദ്ധിക്കണോ?; ശ്രദ്ധിച്ചില്ലെങ്കില്‍ നാരങ്ങാവെള്ളം ഗുണത്തേക്കാള്‍ ദോഷം ചെയ്യും
dot image

നാരങ്ങാവെളളം കുടിച്ചാല്‍ ഒരു പ്രത്യേക ഉന്മേഷം തന്നെയാണല്ലേ? കാലങ്ങളായി എല്ലാവരും ഉപയോഗിക്കുന്ന ലളിതവും ഉന്മേഷദായകവും ആരോഗ്യകരവുമായ പാനീയമാണ് നാരങ്ങാവെള്ളം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ ഇവ പ്രധാനം ചെയ്യുക, ദഹനത്തെ സഹായിക്കുക തുടങ്ങി പല ഗുണങ്ങള്‍ നാരങ്ങാവെള്ളത്തിനുണ്ട്. പലരും നാരങ്ങ പിഴിഞ്ഞ ചെറുചൂടുളള വെള്ളം കുടിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നതുതന്നെ.

ഈ രീതി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ശരീരം വിഷവിമുക്തമാക്കാനും സഹായിക്കുന്നു. അങ്ങനെ പല ഗുണങ്ങള്‍ നാരങ്ങയ്ക്ക് ഉണ്ടെങ്കിലും നാരങ്ങാവെളളം ഉപയോഗിക്കരുതാത്ത ചില ആളുകളുണ്ട്. അവര്‍ ആരൊക്കെയാണ്? നാരങ്ങാവെള്ളം കുടിക്കാനുള്ള രീതികള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാം.

lemon juice

അസിഡിറ്റിയും ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഉള്ളവര്‍

ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം (GERD), ക്രോണിക് ആസിഡ് റിഫ്‌ളക്‌സ്, ഗ്യാസ്‌ട്രൈറ്റിസ്, അള്‍സര്‍ എന്നിവയുള്ള ആളുകള്‍ നാരങ്ങാവെളളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. എന്തുകൊണ്ടാണെന്നല്ലേ? നാരങ്ങയിലെ സിട്രിക് ആസിഡ് ആമാശയ പാളിയെയോ

അന്നനാളത്തെയോ ട്രിഗര്‍ ചെയ്യും. ഇങ്ങനെയുള്ളവരില്‍ നാരങ്ങാ വെള്ളം നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ളക്ഷന്‍, വയറുവേദന, ഓക്കാനം ഇവയൊക്കെ ഉണ്ടായേക്കാം. വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും.

സെന്‍സിറ്റീവായ പല്ലുകള്‍ ഉള്ളവര്‍

നാരങ്ങാവെള്ളം പതിവായി കുടിക്കുന്നത് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിച്ചേക്കാം. നാരങ്ങയിലെ സിട്രസ് ആസിഡ് ഇനാമലിന്റെ കട്ടി കുറയ്ക്കുകയും പല്ലിന്റെ സംവേദനക്ഷമത, ദ്വാരങ്ങള്‍, ദീര്‍ഘകാല കേടുപാടുകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ സ്ഥിരമായ ദന്ത പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

വായില്‍ അള്‍സര്‍ ഉളളവര്‍

വായില്‍ അള്‍സര്‍, കാന്‍സര്‍ വ്രണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍, നാരങ്ങാവെള്ളത്തിലെ ആസിഡ് അസ്വസ്ഥതയുണ്ടാക്കുകയും രോഗം കുറയുന്നത് ദീര്‍ഘിപ്പിക്കുകയും ചെയ്യും.

lemon juice

ചിലതരം മരുന്നുകള്‍ കഴിക്കുന്നവര്‍

ആമാശയത്തിലെ PHനോട് പ്രതികരിക്കുന്ന തരത്തിലുള്ള ചില മരുന്നുകള്‍ കഴിക്കുന്നവര്‍ നാരങ്ങാവെള്ളം കുടിക്കുകയാണെങ്കില്‍ മരുന്നുകള്‍ക്ക് ഫലപ്രാപ്തി ഉണ്ടാവുകയില്ല.

സിട്രസ് പഴങ്ങള്‍ കഴിക്കുമ്പോള്‍ അലര്‍ജിയോ മൈഗ്രേനോ ഉണ്ടാകുന്നവര്‍

നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍ ചില ആളുകളില്‍ മൈഗ്രെന്‍ അല്ലെങ്കില്‍ തലവേദനയ്ക്ക് കാരണമായേക്കാം. പഴങ്ങളിലെ ടൈറാമിന്‍ പോലുള്ള സംയുക്തങ്ങള്‍ കാരണമാകാം ഇങ്ങനെ സംഭവിക്കുന്നത്. അപൂര്‍വ്വമാണെങ്കിലും സിട്രസുകളോടുള്ള അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ചര്‍മ്മത്തില്‍ ചുണങ്ങ്, നീര്‍വീക്കം അല്ലെങ്കില്‍ ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കിയേക്കാം.

വൃക്കയിലോ മൂത്രസഞ്ചിയിലോ പ്രശ്‌നങ്ങള്‍ ഉള്ളവരും നിര്‍ജലീകരണ പ്രശ്‌നങ്ങള്‍ ഉള്ളവരും

നാരങ്ങാവെള്ളത്തിന് നേരിയ ഡൈയൂററ്റിക് ഫലമുണ്ടാകും. ഇത് കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ പ്രേരകമാകും. ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കും. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്, പതിവായി ഉയര്‍ന്ന അളവില്‍ നാരങ്ങാവെളളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

lemon juice

നാരങ്ങാവെള്ളം ദിവസവും കുടിക്കാമോ?

ആരോഗ്യമുള്ള വ്യക്തികളില്‍ പോലും, നാരങ്ങാവെള്ളത്തിന്റെ ദുരുപയോഗം കാലക്രമേണ നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. പല്ലിന്റെ ശോഷണമാണ് പ്രധാന പ്രശ്‌നം. ഒരിക്കല്‍ ഇനാമലിന് കേടുപാടുകള്‍ സംഭവിച്ചാല്‍, അത് പിന്നീട് പഴയതു പോലെയാകാന്‍ പ്രയാസമാണ്. ഇടയ്ക്കിടെയുള്ള അസിഡിറ്റി മറ്റൊരു പ്രധാന പ്രശ്‌നമാണ്. ദിവസവും പ്രത്യേകിച്ച് , വലിയ അളവില്‍ നാരങ്ങാവെള്ളം കുടിക്കുന്നവര്‍ക്ക് വയറുവേദന, വയറു വീര്‍ക്കല്‍, തൊണ്ടയിലെ അസ്വസ്ഥത, ആസിഡ് റിഫ്‌ളക്‌സ് എന്നിവ അനുഭവപ്പെടാനിടയാക്കും.

നാരങ്ങാവെള്ളം സുരക്ഷിതമായി എങ്ങനെ കുടിക്കാം

  • നിങ്ങള്‍ നാരങ്ങാവെള്ളം ഇഷ്ടമുള്ളവരാണോ? ആരോഗ്യമുള്ളവരാണോ?എങ്കില്‍ ഇത് ഉപയോഗിക്കുന്നതില്‍ തെറ്റൊന്നും ഇല്ല. പക്ഷേ അത് ശരിയായ രീതിയില്‍ കുടിക്കണമെന്ന് മാത്രം.
  • നാരങ്ങാനീര് നേര്‍പ്പിച്ച് കുടിക്കുന്നതാണ് എപ്പോഴും നല്ലത്. ഒരു ഗ്ലാസ് വെളളത്തില്‍ അരമുറി നാരങ്ങയുടെ നീര് എന്ന കണക്കില്‍
  • വെറും വയറ്റില്‍ കുടിക്കുന്നതിന് പകരം ഭക്ഷണത്തോടൊപ്പമോ ഭക്ഷണശേഷമോ കുടിക്കാവുന്നതാണ്. ഇത് അസിഡിറ്റി ഒഴിവാക്കും.
  • ഒരു സ്‌ട്രോ ഉപയോഗിച്ച് നാരാങ്ങാവെള്ളം കുടിക്കുക. ഇത് പല്ലുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയും ഇനാമല്‍ തേഞ്ഞുപോകുന്നത് തടയുകയും ചെയ്യും.
  • ഒരു ദിവസം ഒന്നോ രണ്ടോ ഗ്ലാസില്‍ കൂടുതല്‍ കുടിയ്ക്കരുത്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Should you be careful when drinking lemon juce

dot image
To advertise here,contact us
dot image