

മികച്ച ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് മികച്ച ഉറക്കമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉറക്കമില്ലായ്മ അനാരോഗ്യത്തെ ക്ഷണിച്ചുവരുത്തും. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് മതിയായി വിശ്രമിക്കാന്‍ കഴിയാതെ വരും. നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയാത്ത ദുരവസ്ഥ ഒന്നു ആലോചിച്ച് നോക്കൂ? അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഉറക്കത്തിനിടയിലുണ്ടാകുന്ന തടസ്സങ്ങള്‍ അല്ലെങ്കില്‍ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ മതിയായി ചികിത്സ കിട്ടേണ്ട ഒരു കാര്യമാണെങ്കിലോ?
നവി മുംബൈ അപ്പോളോ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. രാജേഷ് മാട്ടാ ഇക്കാര്യത്തെ കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ പങ്കുവച്ചിരിക്കുതയാണ്. ഉറക്കത്തിനിടയില്‍ നിരന്തരമായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടെങ്കില്‍ അതിനെ ലാഘവത്തോടെ കാണരുതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇതില്‍ കൃത്യമായ പരിശോധന നടത്തണം. ഉറക്കവും ഹൃദയത്തിൻ്റെ ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്നും ഡോക്ടര്‍ പറയുന്നു. സമയം പോകുന്നതിനനുസരിച്ച് ഉറക്കത്തിലുണ്ടാവുന്ന ബുദ്ധിമുട്ട് കാര്‍ഡിയാക്ക് പ്രശ്‌നത്തിലേക്ക് നയിക്കാം.

എന്തെല്ലാം ലക്ഷണങ്ങളാണ് ഉറക്കവുമായി ബന്ധപ്പെട്ട് ഹൃദയം പ്രശ്‌നത്തിലാണെന്ന് സൂചിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. രാവിലെ എഴുന്നേല്‍ക്കുന്നതിന് ശേഷം നിങ്ങള്‍ക്കുണ്ടാവുന്ന അനുഭവമെന്താണെന്നതില്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്നാണ് ഡോക്ടർ പറയുന്നത്. അതായത് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴുള്ള തലവേദന, ആവശ്യത്തിന് ഉറങ്ങിയെന്ന് തോന്നുമ്പോഴും നിങ്ങള്‍ക്കുള്ള ക്ഷീണം, ഹൃദയമിടിപ്പ് വര്‍ധിക്കുന്ന അവസ്ഥ ഇവയെല്ലാം റെഡ് ഫ്‌ളാഗുകളാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ദിനചര്യകളെ ബാധിക്കുന്ന പകല്‍സമയത്തെ ക്ഷീണത്തെ സാധാരണയായ ഒന്നായി കണക്കാക്കരുത്. നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരം മോശമാകുന്നത് ഹൃദയത്തെ സമര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഉറക്കം എഴുന്നേറ്റതിന് ശേഷം തോന്നുള്ള ലക്ഷണങ്ങളും രാത്രിയില്‍ ഉറക്കത്തിന് നേരിടുന്ന തടസ്സങ്ങളും ചില സൂചനകളാണ്.
ഉറക്കെയുള്ള കൂര്‍ക്കംവലി, ദീര്‍ഘശ്വാസം, ശ്വാസംമുട്ടല്‍ എന്നിവ സ്ലീപ് അപ്നിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് അമിതരക്തസമ്മര്‍ദം, ഹൃദയസ്തംഭനം, അരിഹ്‌മിയ എന്നിവയ്ക്ക് കാരണമാകും. ഇതിന് പുറമേ, മരുന്ന് കഴിച്ചിട്ടും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിടുക, കാരണമില്ലാതെ ഭാരം വര്‍ധിക്കുക, അസ്വസ്ഥതയും ഉത്കണ്ഠയും വര്‍ധിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇവയെല്ലാം ദീര്‍ഘകാലമായി നിങ്ങള്‍ അനുഭവിക്കുന്നതായിരിക്കും. ഇത് മെറ്റബോളിക്ക് പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇവയൊന്നും അവഗണിക്കാന്‍ പാടില്ലെന്നാണ് അദ്ദേഹം കര്‍ശനമായി നിര്‍ദേശിക്കുന്നു. മികച്ച ഉറക്കം ലഭിക്കാന്‍ ചില ശീലങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഇവ ദൈന്യദിന ജീവിതത്തില്‍ നടപ്പിലാക്കിയാല്‍ നല്ലതാണ്.

Content Highlights: Do you sleep well, If no, it may be a symptom of heart problems