

ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിൽ കുവൈത്തിനെതിരെ തോറ്റ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്ത്. 27 റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. കുവൈത്ത് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5.4 ഓവറിൽ 79 റൺസിനു പുറത്തായി.
ഇന്നലെ പാകിസ്താനെതിരെ ഇന്ത്യ 2 റൺസിന് ജയിച്ചിരുന്നു. കുവൈത്തിനെ പാകിസ്താനെ തോൽപ്പിക്കുകയും ചെയ്തു. മൂന്നു ടീമുകൾക്കും രണ്ടു പോയിന്റ് വീതമാണ് ഉള്ളതെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അവസാന സ്ഥാനത്താകുകയായിരുന്നു.
കുവൈത്തിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ യാസിൻ പട്ടേലിന്റെയും (14 പന്തിൽ 58*), ബിലാൽ താഹിറിന്റെയും (9 പന്തിൽ 25) ബാറ്റിങ് കരുത്തിൽ നിശ്ചിത ആറ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കുവൈത്ത് 106 റൺസെടുത്തു.
107 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റോബിൻ ഉത്തപ്പ (0) ഗോൾഡൻ ഡക്കായി പുറത്തായി. ആദ്യ ഓവറിലെ തന്നെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും രണ്ടാം ഓവറിലെ രണ്ടാം പന്തിൽ സ്റ്റുവർട്ട് ബിന്നി റണ്ണൗട്ടാകുകയും ചെയ്തു. പ്രിയങ്ക് പഞ്ചൽ (17), അഭിമന്യു മിഥുൻ ( 25), ഷഹ്ബാസ് നദീം ( 19) എന്നിവർ പൊരുതിയെങ്കിലും കാര്യമുണ്ടായില്ല.
Content Highlights:india loses to Kuwait in Hong Kong Sixes tournament