
ബേക്കറിയില്‍ കയറിയാല്‍ ജിലേബി ഇല്ലാതെ ചിലര്‍ തിരിച്ചിറങ്ങില്ല. നല്ല തേനൂറുന്ന ഓറഞ്ച് ജിലേബി… മഞ്ഞ ജിലേബി..ആഹാ കൊതി തോന്നുന്നുണ്ടല്ലേ? ഇനി വൈകുന്നേരം ആയാലോ ചായക്കും കാപ്പിക്കും ഒപ്പം നല്ല ചട്ണി ഒക്കെ കൂട്ടി രണ്ട് ക്രിസ്പി സമോസ കൂടി കഴിക്കാതെ ഒരു സുഖമില്ല. നാവില്‍ രുചി നിറയ്ക്കുന്ന ഈ ഭക്ഷണങ്ങളൊക്കെ ആരോഗ്യത്തിന് അത്ര നല്ലതല്ല. നമ്മള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന ഭക്ഷണങ്ങള്‍ നിശബ്ദമായി പ്രമേഹം, പൊണ്ണത്തടി, കാന്‍സര്‍, ഹൃദ്‌രോഗം തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
അഞ്ച് ദൈനംദിന ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ദ്ധയായ സുമന്‍ അഗര്‍വാള്‍. 'ദി മസും മിനാവാല' ഷോയുടെ എപ്പിസോഡിലാണ് സുമന്‍ അഗര്‍വാള്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പപ്പടം, ബുജിയ, സമൂസ, ജിലേബി, സുപാരി ഇങ്ങനെയുള്ള ഭക്ഷണങ്ങളുടെ അപകടത്തെക്കുറിച്ചും അവര്‍ പറയുകയുണ്ടായി. ഈ ലഘുഭക്ഷണങ്ങള്‍ക്കെല്ലാം നല്ല രുചി ഉണ്ടാവും പക്ഷേ അവ ജീവിതശൈലീ രോഗങ്ങള്‍ക്ക് വരെ കാരണമാകും.
പപ്പടം ധാരാളമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ബുജിയ, ജിലേബി എന്നിവയൊക്കെ പതിവായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോള്‍ അസന്തുലിതാവസ്ഥയ്ക്കും മാത്രമല്ല, ഉയര്‍ന്ന ഗ്ലൈസെമിക് ഉള്ളടക്കം കാരണം പ്രമേഹ സാധ്യതയും വര്‍ദ്ധിപ്പിക്കാനിടയാക്കും. അന്നജവും അനാരോഗ്യകരമായ കൊഴുപ്പും നിറഞ്ഞ സമൂസകള്‍ പതിവായി കഴിച്ചാല്‍ പൊണ്ണത്തടി, ദഹന പ്രശ്‌നങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാകുന്നു.
ഇടയ്ക്കിടെ ഈ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നത് ദോഷകരമല്ലായിരിക്കാം പക്ഷേ പതിവായി കഴിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
സംസ്‌കരിച്ചതും പഞ്ചസാര ചേര്‍ന്നതും എണ്ണയില്‍ വറുത്തെടുത്തതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാനും ഇന്‍സുലിന്‍ പ്രതിരോധത്തിനും കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ധിപ്പിക്കുന്നതിനും ഇടയാക്കും. മാത്രമല്ല ഹൃദ്‌രോഗത്തിനും പ്രമേഹത്തിനും സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്നുതന്നെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധയോടെയുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍ വരും നാളുകളില്‍ ജീവിതശൈലി രോഗങ്ങളെ തടയാന്‍ കഴിയുമെന്ന് സുമന്‍ അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights :Learn about some Indian foods that increase the risk of diabetes, obesity, and heart disease