ഈ അണുബാധയെ കുറിച്ച് തുറന്നുപറയാന്‍ പുരുഷന്മാര്‍ മടിക്കുന്നതെന്തിന്? ചികിത്സിക്കാതിരുന്നാല്‍ ഗുരുതരമായേക്കാം

ഒന്നുകില്‍ സ്വയം ചികിത്സിക്കും, അല്ലെങ്കില്‍ അവഗണിക്കും.

dot image

മിക്ക പുരുഷന്മാരും അതീവ രഹസ്യമായി കൊണ്ടുനടക്കുന്ന ഒരു കാര്യമുണ്ട്. ഇക്കാര്യം അവര്‍ സുഹൃത്തുക്കളോട് പങ്കുവയ്ക്കാറില്ല, എന്തിന് ഭാര്യയോട് പോലും പറയാന്‍ അവര്‍ക്ക് മടിയാണ്. പക്ഷെ സംഗതി അങ്ങനെയങ്ങ് ഒളിച്ചുവയ്‌ക്കേണ്ടതല്ല. അതേ, എല്ലാ ഇന്ത്യന്‍ പുരുഷന്മാര്‍ക്കും വരാറുള്ള സാധാരണ അസുഖമാണ് മൂത്രത്തിലെ അണുബാധ. ഇടയ്ക്കിടെയുള്ള മൂത്രശങ്കയും കഠിനമായ വേദനയും അനുഭവപ്പെടുമെങ്കിലും പലരും ചികിത്സ തേടാന്‍ മുതിരാറില്ല. ഒന്നുകില്‍ സ്വയം ചികിത്സിക്കും, അല്ലെങ്കില്‍ അവഗണിക്കും.

എന്നാല്‍ മൂത്രത്തിലെ അണുബാധ അങ്ങനെ അവഗണിക്കേണ്ട ഒരു രോഗമാണോ? അല്ല, ചിലപ്പോള്‍ ഇത് മറ്റ് ഗുരുതര രോഗങ്ങളുടെ സൂചനയായിരിക്കാം. ഏറ്റവും വലിയ സന്തോഷമെന്തെന്നാല്‍ ഇത് പ്രതിരോധിക്കാനായി സാധിക്കും എന്നുള്ളതാണ്. ഇതിനെ വെറും സമ്മര്‍ദമായും, ഭക്ഷണത്തിലെ പ്രശ്‌നമായും കണ്ട് നിസ്സാരവല്‍ക്കരിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരണം, മൂത്രത്തിലെ അണുബാധ അവഗണിച്ചാല്‍ അത് ചിലപ്പോള്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രോസ്‌റ്റേറ്റില്‍ അണുബാധ, സെപ്‌സിസ് എന്നിവയ്ക്ക് കാരണമാകും. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോള്‍ പത പോലെ വരിക, ചെറിയ പനി തുടങ്ങിയവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.

പ്രതിരോധിക്കാം ഈ വഴികളിലൂടെ

1)നന്നായി വെള്ളം കുടിക്കുക - കേള്‍ക്കുമ്പോള്‍ വളരെ നിസാരമായി തോന്നുമെങ്കിലും ഇത് മികച്ച പ്രതിവിധിയാണ്. ഇതിലൂടെ ബാക്ടീരിയയെ പുറന്തള്ളാനായി സാധിക്കും. നിങ്ങളുടെ മൂത്രത്തിന് നിറവ്യത്യാസം കാണുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കണം.

2)മൂത്രശങ്ക പിടിച്ചുവയ്ക്കരുത് - മൂത്രമൊഴിക്കാതെ ദീര്‍ഘനേരം നില്ഡക്കുന്നത് അണുബാധ കൂട്ടും.

3)വൃത്തി അത്യാവശ്യം - നനഞ്ഞ ജീന്‍സ്, നനഞ്ഞ അടിവസ്ത്രം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വൃത്തിയാക്കാത്ത പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ഇതെല്ലാം ബാക്ടീരിയ പടരാന്‍ കാരണമായവയാണ്. വസ്ത്രങ്ങള്‍ കഴുകി ഉണക്കി ഉപയോഗിക്കുക, മൂത്രമൊഴിച്ചതിന് ശേഷം വ്യക്തിശുചിത്വം ഉറപ്പുവരുത്തുക എന്നുള്ളവയെല്ലാം പ്രധാനമാണ്.

4)സമ്മര്‍ദം, ഉറക്കം - ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുമ്പോള്‍ മാത്രമാണ് ശരീരത്തിന് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നത്. തുടര്‍ച്ചയായ സമ്മര്‍ദവും ഉറക്കമില്ലാത്ത രാത്രികളും പ്രതിരോധശക്തി ദുര്‍ബലപ്പെടുത്തും. അണുബാധകള്‍ക്കെതിരെ പോരാടാന്‍ കരുത്തില്ലാതെ വരും. ചെറിയ നടത്തം, മെഡിറ്റേഷന്‍, സ്‌ക്രീന്‍ടൈം കുറയ്ക്കുന്നത് എല്ലാം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ പോസിറ്റീവായ മാറ്റങ്ങളാണ് ഉണ്ടാക്കുക.

5)പ്രമേഹം, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ - നിങ്ങള്‍ 50 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണെങ്കില്‍ പ്രമേഹമുള്ളവരാണെങ്കില്‍ കൃത്യമായ പരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇത് നിശബ്ദമായി യുടിഐ അപകട സാധ്യത വര്‍ധിപ്പിക്കും. നേരത്തേയുള്ള ചികിത്സയിലൂടെ വലിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനാവും.

6)ആന്റിബയോടിക്‌സ് അനാവശ്യമായി ഉപയോഗിക്കരുത് - എല്ലാ പൊള്ളുന്ന പോലുള്ള അവസ്ഥകള്‍ക്കും മരുന്ന് അല്ല പ്രതിവിധി. അനാവശ്യമായുള്ള ആന്റിബയോടിക്കുകളുടെ ഉപയോഗം അണുബാധ കൂടുതല്‍ മോശമാകുന്നതിന് കാരണമാകും, അതിനാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ കാണുക, ചികിത്സ ആരംഭിക്കുക.

Content Highlights: Understanding Urinary Tract Infections in Men: Causes, Symptoms, and Prevention

dot image
To advertise here,contact us
dot image