
നമ്മളുടെ ദൈനംദിന ജീവിതത്തിലെ ഓരോ ശീലങ്ങള്‍ക്കും ആരോഗ്യവുമായി അടുത്ത ബന്ധമുണ്ട്. അത്തരത്തില്‍ ശുചിത്വത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു ശീലമാണ് പല്ല ബ്രഷ് ചെയ്യുന്നത്. ബിഎൽകെ മാക്സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെന്റല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി മേധാവി ഡോ. നീതു കമ്ര പറയുന്നതനുസരിച്ച്, നിങ്ങളുടെ മൊത്തത്തിലുള്ള ദന്താരോഗ്യത്തിന് പല്ല് ബ്രഷ് ചെയ്യുന്ന രീതിയുമായി വളരെ വലിയ ബന്ധമുണ്ട്. ഏറെ കാലം നല്ല ദന്താരോഗ്യം കാത്ത് സൂക്ഷിക്കുന്നതിന് ബ്രഷിംഗിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.
വളരെ കഠിനമായി ബ്രഷ് ചെയ്യരുത്
പല്ല് തേക്കുമ്പോള്‍ ആളുകള്‍ ചെയ്യുന്ന ഏറ്റവും സാധാരണമായ ഒരു പ്രവണതയാണിത്. പല്ല് വൃത്തിയാക്കുമ്പോൾ ഒരുപാട് ശക്തി ഉപയോഗിച്ച് പല്ല് തേക്കരുത്. ഇത് നിങ്ങളുടെ പല്ലിന്റെ ഇനാമലിനും മോണയ്ക്കും തേയ്മാനം വരുത്തും.
ഏറെ കാലമായിട്ടും ബ്രഷ് മാറ്റാതിരിക്കുന്നത്
മിക്ക ആളുകളും വര്‍ഷത്തില്‍ രണ്ടുതവണ മാത്രമാണ് ടൂത്ത് ബ്രഷ് മാറ്റുന്നത്. എന്നാൽ ദന്തഡോക്ടര്‍മാരുടെ അഭിപ്രായ പ്രകാരം ഓരോ മൂന്ന് മാസത്തിലും ടൂത്ത് ബ്രഷ് മാറ്റണം. വളരെ കാലം ഒരേ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് വൃത്തിഹീനമാണെന്ന് മാത്രമല്ല, മൂന്ന് മാസത്തിനുശേഷം ബ്രഷിന്റെ ഫലപ്രാപ്തി നഷ്ടപ്പെടുകയും ചെയ്യുന്നു.
രാവിലെ മാത്രം പല്ല് തേയ്ക്കുന്നത്
പലരും രാവിലെ മാത്രമാണ് പല്ല് തേയ്ക്കാറുള്ളത്. എന്നാൽ ദിവസാവസാനത്തോടെ, പല്ലുകള്‍ക്കിടയിൽ ഭക്ഷണ അവശിഷ്ടങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഇത് വായ്നാറ്റത്തിന് കാരണമാവുകയും വായിൽ ബാക്ടീരിയ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പല്ല് ക്ഷയിക്കാൻ കാരണമായേക്കാം. അതിനാൽ രാത്രിയില്‍ പല്ല് തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
പല്ല് തേക്കുമ്പോള്‍ തെറ്റായ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത്
നിരവധി ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകള്‍ വിപണിയിൽ ലഭ്യമാണ്. ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് അറിയാന്‍ പ്രയാസമായിരിക്കും. ഏത് ടൂത്ത്പേസ്റ്റ് ആണ് നിങ്ങൾ വാങ്ങുന്നതെങ്കിലും അതിൽ ഫ്‌ലൂറൈഡ് അടങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുക. പല്ല് ക്ഷയം തടയുന്നതില്‍ ഫ്‌ലൂറൈഡ് നിര്‍ണായകമാണ്. നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ 1350 മുതല്‍ 1500 വരെ ഫ്‌ലൂറൈഡിന്റെ പിപിഎം അടങ്ങിയിരിക്കണമെന്നും ഉറപ്പ് വരുത്തുക.
Content Highlights- Are you brushing your teeth the wrong way? Know this