നായപ്രേമികള്‍ക്ക് കടിയേറ്റാൽ റിപ്പോർട്ട് ചെയ്യില്ല, അവർക്ക് അത് ലവ് ബൈറ്റാണ്: രാം ഗോപാൽ വർമ

'അനുകമ്പയെ കുറിച്ച് ഉച്ചത്തില്‍ പ്രതിഷേധിക്കുന്ന നായപ്രേമികള്‍ തന്നെയാണ് വളര്‍ത്താനായി വിദേശ ഇനങ്ങളിലുള്ള നായ്ക്കളെ വാങ്ങുന്നത്'

dot image

ഡൽഹി എൻസിആറിലെ തെരുവ് നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തിയിരുന്നു. തുടർച്ചയായി തന്റെ നിലപാടുകൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മൃഗ സ്നേഹികളുടെ ഭാഗത്ത് നിന്നും കടുത്ത വിമർശനമാണ് ഇദ്ദേഹത്തിന് നേരെ എത്തുന്നത്. 'നിങ്ങള്‍ നായ്ക്കള്‍ക്കുവേണ്ടി കരയുന്നു, എന്നാല്‍ മരിച്ച മനുഷ്യര്‍ക്കുവേണ്ടി കരയുന്നില്ല' എന്നാണ് ആദ്യം വര്‍മ പറഞ്ഞത്. ഇപ്പോഴിതാ ചിലർ പട്ടി കടിക്കുന്നത് പോലും ലവ് ബൈറ്റായാണ് കാണുന്നതെന്ന് പരിഹസിച്ചിരിക്കുകയാണ് സംവിധായകൻ. എക്‌സിൽ പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഞാനൊരു നായവിരോധിയാണെന്ന് കരുതുന്ന എല്ലാ വിഡ്ഢികളായ നായപ്രേമികളോടുമായാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ കണ്ണ് കാണാത്തവരാണോ? ചെവി കേള്‍ക്കാത്തവരാണോ? മസ്തിഷ്‌കമരണം സംഭവിച്ചവരാണോ? നാട്ടില്‍ എല്ലായിടത്തും കുഞ്ഞുങ്ങള്‍ക്ക് കടിയേല്‍ക്കുന്നതും ക്രൂരമായി പരിക്കേല്‍ക്കുന്നതും കൊല്ലപ്പെടുന്നതുമെല്ലാം സിസിടിവി വീഡിയോകളില്‍ നിങ്ങള്‍ കാണുന്നില്ലേ? പേവിഷബാധ പെരുകുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്നില്ലേ?

തീപ്പിടിത്തം, വെള്ളപ്പൊക്കം, കലാപം പോലെ ഏത് അടിയന്തര സാഹചര്യങ്ങളിലും പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെ നേരിടുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ അതിന്റെ മൂലകാരണങ്ങളെ കുറിച്ചും ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളെ കുറിച്ചും സംവാദം നടത്തുകയല്ല. സുപ്രീം കോടതി ഉത്തരവ് എക്കാലത്തേക്കുമുള്ള നയരേഖയൊന്നുമല്ല. മറിച്ച് തെരുവുനായ്ക്കളെ കൊണ്ടുള്ള ശല്യം അതിരുകടന്നുവെന്നും മനുഷ്യജീവനുകള്‍ക്ക് മുന്‍ഗണന നല്‍കി നായ്ക്കളില്‍ നിന്ന് രക്ഷിക്കണമെന്നുമാണ് അത് പറയുന്നത്.

അനുകമ്പയെ കുറിച്ച് ഉച്ചത്തില്‍ പ്രതിഷേധിക്കുന്ന നായപ്രേമികള്‍ തന്നെയാണ് വളര്‍ത്താനായി വിദേശ ഇനങ്ങളില്‍ പെട്ട നായ്ക്കളെ വാങ്ങുന്നത്. അവയ്ക്ക് ആഡംബര ജീവിതം നല്‍കും. വലിയ പണം മുടക്കി മൃഗഡോക്ടര്‍മാരെ കൊണ്ടുവന്ന് പരിപാലിക്കും. ഇതിനു പകരം തെരുവുനായ്ക്കളെ കൊണ്ടുപോകാന്‍ നായപ്രേമികളോട് പറയണം. ഭക്ഷണം നല്‍കുമ്പോള്‍ പല നായപ്രേമികള്‍ക്കും തെരുവുനായ്ക്കളുടെ കടിയേല്‍ക്കാറുണ്ട്. എന്നാല്‍ അവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനെ 'ലവ് ബൈറ്റാ'യാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇതുവഴി പേവിഷബാധ നിശബ്ദമായി പടരുകയാണ്.' രാം ഗോപാൽ വർമ പറഞ്ഞു.

Content Highlights: Ram Gopal Varma said that for some animal lovers, even a dog bite is a love bite

dot image
To advertise here,contact us
dot image