
ജീവിതത്തിന് ഒരു ഉദ്ദേശമില്ലെങ്കിൽ, ഒരു ലക്ഷ്യമില്ലെങ്കിൽ പിന്നെ ഒരു ഡയറ്റിനും സപ്ലിമെന്റിനും ഒരു മാജിക്കും നമ്മുടെ ശരീരത്തിൽ ചെയ്യാൻ കഴിയില്ലെന്നാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള ഡോക്ടർ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ഹോവാർഡ് ടക്കർ പറയുന്നത്. തന്റെ ദീർഘായുസിന്റെ പിന്നിലെ രഹസ്യവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. റിട്ടയർമെന്റാണ് ദീർഘായുസിന്റെ ശത്രുവെന്നാണ് അദ്ദേഹം പറയുന്നത്.
ഒരു മരുന്നും കുടിച്ച് ആയുർദൈർഘ്യം കൂട്ടാൻ കഴിയില്ലെന്ന് അദ്ദേഹം തീർത്ത് പറയുന്നു. ഒരു ലക്ഷ്യത്തോടെ ഉദ്ദേശത്തോടെ ജീവിക്കുകയാണ് ഇതിന് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റിട്ടയർമെന്റിന് ശേഷം ഇനി ഞാൻ ഒന്നിനുമില്ലേ എന്ന് ചിന്തിക്കുന്ന രീതിയാണ് പലരും കൈക്കൊള്ളുന്നത്. ഇത്തരക്കാർ ശാരീരികമായും മാനസികമായും ക്ഷയിക്കാൻ തുടങ്ങും. നന്നായി പോകണ്ട ഒരു ജീവിതത്തെ തളർത്തി ഇല്ലാതാക്കും.
അതിനാൽ ഒരടത്ത് ഒതുങ്ങി കൂടാതെ നന്നായി ആക്ടീവായി തുടരുക, അതും എല്ലാ തലത്തിലും. ഹോബികൾ, ഇഷ്ടമുള്ള മറ്റ് കാര്യം, ഉത്തരവാദിത്തങ്ങൾ അത് ചെറുതാണെങ്കിൽ പോലും തലച്ചോറ് ആക്ടീവാകുമെന്ന് അദ്ദേഹം പറഞ്ഞ്. നൂറു വയസുവരെ ഡോക്ടർ പ്രാക്ടീസ് മുടക്കിയിട്ടില്ല. ഈ പ്രായത്തിലും ഒരു ബുദ്ധിമുട്ടുമില്ലാതെ അദ്ദേഹം ജോലി ചെയ്തിരുന്നു. ഇതാണ് കാര്യമുള്ള കാര്യത്തിൽ തുടർന്ന് പ്രവർത്തിച്ച് കൊണ്ടിരുന്നാൽ അത് ആരോഗ്യവും ആയുർദൈർഘ്യവും കൂട്ടുമെന്ന് അദ്ദേഹം പറയുന്നു.
നല്ല വ്യക്തിപരമായ ബന്ധങ്ങളും ആയുസിന്റെ ബലവുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ലരീതിയിലുള്ള ആത്മബന്ധങ്ങൾ ജീവിതകാലം നീളാൻ സഹായിക്കുമെന്നും അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. പ്രായമായാലും വീണ്ടും എന്തെങ്കിലും പഠിക്കാനുള്ള ആഗ്രഹവും ആയുസിനെ സ്വാധീനിക്കുമെന്നാണ് ടക്കർ പറയുന്നത്. എല്ലാ ദിവസവും വ്യായാമം ചെയ്യുക, നല്ലരീതിയിലുള്ള ഭക്ഷണക്രമം എന്നിവയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.