
ഭോപ്പാൽ: റോഡിലെ കുഴി, വൈദ്യുതി മുടക്കം, മാലിന്യ പ്രശ്നം… അങ്ങനെയങ്ങനെ ജീവിതത്തെ ബാധിക്കുന്ന നിരവധി പരാതികൾ സർക്കാരിന് മുന്നിൽ ഉയരാറുള്ള ഇക്കാലത്ത് മധ്യപ്രദേശ് സർക്കാരിന് ലഭിച്ച ഒരു പരാതിയാണ് ഇപ്പോൾ ചർച്ചയ്ക്കും വിമർശനത്തിനും ഇടയാകുന്നത്. മധ്യപ്രദേശിലെ കമലേഷ് കുശ്വാഹയാണ് പരാതിക്കാരൻ.
സ്വാതന്ത്ര്യ ദിനത്തിൽ പതിവായി ലഭിക്കുന്ന രണ്ട് ലഡുവിന് പകരം ഒരു ലഡു മാത്രം ലഭിച്ചെന്നാണ് ഇയാളുടെ പരാതി. മുഖ്യമന്ത്രിയുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാണ് കമലേഷ് പരാതി രജിസ്റ്റർ ചെയ്തത്. ഭിന്ദ് ജില്ലയിലെ നൗധ ഗ്രാമവാസിയായ കമലേഷ് കുശ്വാഹ വിളിച്ച് പരാതി അറിയിച്ചെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് പറയുന്നു.
ഗ്രാമ സർപഞ്ചിനും സെക്രട്ടറിക്കും എതിരെയാണ് പരാതി നൽകിയത്. 'ഇത്തരത്തിൽ പരാതി നൽകുന്നത് അയാളുടെ ശീലമാണ്. വിവിധ വിഷയങ്ങളിലായി മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ ഇതുവരെ 107 പരാതികൾ അദ്ദേഹം നൽകിയിട്ടുണ്ട്', പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പറഞ്ഞു.
വിഷയം അധികൃതർ തള്ളിക്കളഞ്ഞില്ല. കാര്യം ചെറുതായിരുന്നെങ്കിലും, അധികാരികൾ ഉടനടി നടപടി സ്വീകരിച്ചു.
വിഷയം ഗൗരവമായി എടുത്ത് ഒരു കിലോഗ്രാം ലഡു വാങ്ങി പഞ്ചായത്ത് അംഗങ്ങൾ പരാതിക്കാരന് നൽകി. പക്ഷെ കമലേഷ് വാഗ്ദാനം നിരസിച്ചു.
Content Highlights: MP man dials CM helpline for ‘getting just one laddoo’