
പാലക്കാട്: വീട്ടിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം. നല്ലേപ്പള്ളി സ്വദേശി രാമന്‍കുട്ടിയെയായിരുന്നു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാമന്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിലാകെ പരിക്കുകള്‍ ഉണ്ടായിരുന്നു. ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മര്‍ദ്ദനമേറ്റാണ് രാമന്‍കുട്ടി മരിച്ചതെന്ന് വ്യക്തമായി. മകന്‍ ആദര്‍ശാണ് കൊലനടത്തിയതെന്നും പൊലീസ് കണ്ടെത്തി.
ഒന്നര മാസം മുന്‍പായിരുന്നു രാമന്‍കുട്ടിയുടെ ഭാര്യ മരിച്ചത്. ഇതിന് ശേഷം രാമന്‍കുട്ടിയും ആദര്‍ശും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ആളാണ് രാമന്‍കുട്ടി. രാമന്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം ആദര്‍ശ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആദര്‍ശ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Content Highlights- Man killed father in palakkad